കണ്ണൂരിൽ പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ : ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖമ ഇടപെടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഞ്ച് കോടിയോളം കേസുകളാണ് ഇന്ത്യയിലാകെയുള്ള കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകി ലഭിക്കപ്പെടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്ന് നാം പറയാറുണ്ട്. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് പരാമർശിച്ചത്.
കോടതി നടപടികളുടെ ഈ മെല്ലെപ്പോക്ക് പലപ്പോഴും നീതി തേടിയെത്തുന്നവർക്ക് ശിക്ഷയായി തോന്നാം എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്. പരമോന്നത നീതി പീഠത്തിന്റെ അധ്യക്ഷൻ തന്നെ ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോൾ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്, പരിശോധിക്കപ്പെടേണ്ടതുണ്ട്, പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുണ്ട് കോടതി നടപടികൾ വൈകുന്നത് ഏതെങ്കിലും പ്രത്യേക വകുപ്പിന്റെയോ വിഭാഗത്തിന്റെയോ പ്രവർത്തനങ്ങളിലെ പാളിച്ച കൊണ്ടല്ല.
നാമിന്നും പിന്തുടരുന്ന കാലഹരണപ്പെട്ട പുരാതന മാതൃകകൾ, കോടതികളിൽ മതിയായ സൗകര്യം ലഭ്യമല്ലാത്തത്, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ, ഇത്തരത്തിൽ നിരവധി ഘടകങ്ങൾ അതിലുണ്ട്. ഇവ ഓരോന്നിനെയും തിരിച്ചിറിഞ്ഞ് പ്രതിസന്ധികളെ മറികടന്ന് വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ കഴിയുന്ന നിലയിലേക്ക് നമ്മൾ എത്തിച്ചേരേണ്ടതുണ്ട്. ആ നിലക്ക് വേണം കാര്യങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും.
ഇത്രയധികം കേസുകൾ കോടതികൾ കൈകാര്യം ചെയ്യുന്നതിന് മതിയായ കോടതികളും ജുഡീഷ്യൽ ഉദ്യോഗസ്ഥരും ഇല്ല. ഈ പരിമിതികൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മാത്രമേ സമയബന്ധിതമായി നീതി ലഭ്യമാക്കാൻ കഴിയൂ. അതിന് ഉതകുന്ന ഇടപെടലുകൾ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.
കോടതിയുടെ കാര്യക്ഷമ പ്രവർത്തനങ്ങൾക്ക് ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ ഏറ്റവും പ്രധാനമാണ്. 2016ന് ശേഷം സംസ്ഥാനത്ത് 105 കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ 577, സബോർഡിനേറ്റ് കോടതികളിൽ 2334 തസ്തികകൾ സൃഷ്ടിച്ചു. ജുഡീഷ്യറിയെ ശക്തിപ്പെടുത്താൻ ഉതകുന്ന ഒട്ടേറെ നടപടികൾ സംസ്ഥാനം സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഹൈക്കോടതി ജഡ്ജിയും തലശ്ശേരി ജുഡീഷ്യൽ ഡിസ്ട്രിക്ട് പോർട്ട്‌ഫോളിയോ ജഡ്ജുമായ ജസ്റ്റിസ് ടി ആർ രവി അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ സഹദേവൻ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, അഡീഷണൽ ഗവ. പ്ലീഡർ കെ പി രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു. തലശ്ശേരി ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് സ്വാഗതവും കുടുംബ കോടതി ജഡ്ജി ആർ എൽ ബൈജു നന്ദിയും പറഞ്ഞു.