മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത് ജനങ്ങളെ പരിഹസിക്കുന്ന നിലപാട് ; സി.കെ. പത്മനാഭന്‍
കണ്ണൂര്‍: പി.വി. അന്‍വര്‍ എംഎല്‍എ എഡിജിപ്പിക്കുംആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചിട്ടും വിഷയത്തെ ഗൗരവമായി പരിഗണിക്കാതെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയസമിതിയംഗം സി.കെ. പത്മനാഭന്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍വറിന്റേത് കേവലം ഒരു ആരോപണം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ദേശീയ സുരക്ഷയെയും ബധിക്കുന്ന നിരവധി വിഷയങ്ങള്‍ അന്‍വറിന്റെ ആരോപണത്തിലുണ്ട്. പിണറായി വിജയനും അന്‍വറും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മാത്രമല്ല അത്. രാജ്യത്തിലെ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്.
ആരോപണ വിധേയര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തന്നെ സംരക്ഷണം നല്‍കുകയാണ്. എഡിജിപിയെ സ്ഥാനത്തിരുത്തി കീഴുദ്യേഗസ്ഥരോട് അന്വേഷിക്കാന്‍ പറഞ്ഞാല്‍ അത് ഒരിക്കലും നീതിപൂര്‍വ്വകമാകില്ല. എഡിജിപിയെ മാറ്റിക്കൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്ത് വരികയുള്ളു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സൂപ്പര്‍ മുഖ്യമന്ത്രിയുടെ അധികാരം കയ്യാളുന്ന ചില ആളുകളുണ്ട്. ഘടക കക്ഷികള്‍ പോലും അതിന് എതിരായി സംസാരിച്ചിട്ടും മുഖ്യന്ത്രി അനങ്ങുന്നില്ല. നേരത്തെ പാര്‍ട്ടിക്ക് കീഴിലായിരുന്നു മുഖ്യമന്തിയെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലാണ് പാര്‍ട്ടി. അധികാരത്തിന്റെ തണലില്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും പത്മനാഭന്‍ പറഞ്ഞു.