പിണറായി സര്‍ക്കാരുമായി ഇനി വിട്ടുവീഴ്ചയില്ല ; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

vd

കണ്ണൂര്‍ : പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരായ ശക്തമായ സമര പരിപാടികളുമായാണ് കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ട് പോകുന്നതെന്നും സര്‍ക്കാരുമായി ഒരു വീട്ടുവീഴ്ചയ്ക്കും ഇനി തയാറല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

ലോക്സഭ  തെരഞ്ഞെടുപ്പിന്റെ  കണ്ണൂര്‍ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന 'സമരാഗ്നി ' പ്രക്ഷോഭ ജാഥ ജില്ലയില്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി കണ്ണൂര്‍ ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന   നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുകയാണ്. അര്‍ധരാത്രിയിലും വെളുപ്പാന്‍കാലത്തും വീട്ടിലേക്ക് പൊലീസ് ഇരച്ചുകയറുകയാണ്. ഈ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഞങ്ങളുടെ സമീപനവും മാറ്റേണ്ടി വരും. ഇതുകൊണ്ടൊന്നും ആരും സമരം നിര്‍ത്താന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. കേരളത്തെ തകര്‍ത്തതിന് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഇനിയും ഉണ്ടാകും. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ നൂറിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

പിണറായി വിജയന്റേയും കുടുംബത്തിന്റേയും അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവരുമെന്നും സര്‍ക്കാരിനെതിരായ പ്രതിഷേധവും സമരവും ശക്തമായി മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ കാഹളമായിരിക്കും സമരാഗ്‌നിയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അഡ്വ.സണ്ണി ജോസഫ്, സജീവ് ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം നിയാസ്, അഡ്വ സോണി സെബാസ്റ്റിയന്‍, കെ ജയന്ത്, എന്‍.സുബ്രഹ്‌മണ്യന്‍,സൈമണ്‍ അലക്‌സ് ,ചന്ദ്രന്‍ തില്ലങ്കേരി ,വി.എ നാരായണന്‍ ,പ്രൊഫ എ ഡി മുസ്തഫ ,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു, ടി ഒ മോഹനന്‍, ഷമാ മുഹമ്മദ്, കെ.സി മുഹമ്മദ് ഫൈസല്‍,മുഹമ്മദ് ബ്ലാത്തൂര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags