രാവണചരിതത്തിന് പുതു ഭാഷ്യമൊരുക്കി അരങ്ങിനെ വിസ്മയിച്ച് പെരും ആൾ

Perum aal surprised the audience by preparing a new version of the story of Ravana
Perum aal surprised the audience by preparing a new version of the story of Ravana

കണ്ണൂർ: വാത്മീകി രാമായണത്തിലെ രാവണചരിതത്തിന് പുതു നാടകാവിഷ്ക്കാരമൊരുക്കി കണ്ണൂരിലെ കലാകാരൻമാർ നാടകവേദിയെ ത്രസിപ്പിച്ചു. ശ്രീകണ്ഠൻ നായരുടെ വിശ്രുത നാടകമായ ലങ്കാലക്ഷ്മിക്ക് ശേഷം ലങ്കേശ്വരനായ രാവണൻ്റെ മറ്റൊരു ജീവിതം അരങ്ങിലെത്തിക്കുകയായിരുന്നു ദുബായ് യുവ കലാസാഹിതി ഭാരവാഹിയായ സുഭാഷ് ദാസ് അഭിനയിച്ച പെരും ആൾ സോളോ ഡ്രാമയിലൂടെ. 

രാമായണത്തിൽ പ്രതിനായകൻ്റെ കറുപ്പ് നിറത്തിൽ ആലേഖനം ചെയ്യപ്പെട്ട രാക്ഷസരാജാവായ രാവണൻ്റെ പച്ചയായ മനോസംഘർഷങ്ങൾ അതി തീവ്രമായി പ്രക്ഷേകരിലെത്തിക്കുന്നതായിരുന്നു സുഭാഷ് ദാസിൻ്റെ ഏകാംഗ അഭിനയം. ആധുനിക തീയേറ്ററിൻ്റെ സാധ്യതകൾ എല്ലാം ഉപയോഗപ്പെടുത്തികൊണ്ടാണ് സംവിധായകൻ ബിജു ഇരിണാവ് 40 മിനുട്ടുള്ള പെരും ആൾ സോളോ നാടകം ഒരുക്കിയത്.

പത്മനാഭൻ ബ്ളാത്തൂരാണ് രമേശൻ ബളാത്തൂരിൻ്റെ പ്രശസ്തമായ പെരും ആൾ നാടകത്തിന് രംഗഭാഷ ഒരുക്കിയത്. നിറഞ്ഞ സദസിലാണ് ഇന്നലെ നാടകം കണ്ണൂർ മഹാത്മ മന്ദിരത്തിൽ അരങ്ങേറിയത്. വനവാസകാലത്ത്  പ്രണയാഭ്യർത്ഥന നടത്തിയ സ്വന്തം സഹോദരി ശൂർപ്പണഖയുടെ അംഗഭംഗങ്ങൾ വാൾ കൊണ്ടു അരിഞ്ഞിടാൻ സഹോദരന് കൂട്ടുനിന്ന ശ്രീരാമനോടുള്ള പകയും സഹോദരിയുടെ നിലവിളികളുമാണ് സീതാപഹരണത്തിലേക്ക് തന്നെ എത്തിച്ചതെന്ന് നാടകത്തിൽ രാവണൻ പരിതപിക്കുന്നുണ്ട്. 

Perum aal surprised the audience by preparing a new version of the story of Ravana

രാമ സഹോദരൻ ലക്ഷ്മണൻ ചെയ്ത ക്രൂരകൃത്യത്തിന് പ്രതികാരമായാണ് ലങ്കേശ്വരനായ താൻ പുഷ്പക വിമാനത്തിൽ രാമപത്നിയായസീതയെ തട്ടിക്കൊണ്ടുവന്ന് അശോകവനിയിൽ പാർപ്പിച്ചതെന്നാണ് രാവണൻ തൻ്റെ വാക്കുകൾ കൊണ്ട് സാക്ഷ്യപ്പെടുത്തുന്നത്. അല്ലാതെ ഒരുപെണ്ണിനോടുള്ള മോഹം കൊണ്ടെല്ലെന്നും മണ്ഡോദരിക്കപ്പുറം തനിക്കാരുമില്ലെന്നുമാണ് ലങ്കേശ്വരൻ്റെ തുറന്നു പറച്ചിൽ. എന്നാൽ താൻ സഹോദരിക്കായി നടത്തിയ സീതാപഹരണം ലങ്കാപുരിയുടെ നാശത്തിന് ഇടയാക്കിയെന്നുമുള്ള തിരിച്ചറിവിൽ സ്വയം മറന്ന് അലറി കരയുന്നുണ്ട് രാവണൻ.

സ്വന്തം സഹോദരനെ ശ്രീരാമൻ വശത്താക്കിയതും വാനര രാജാവായ ബാലിയെ ചതിയിലൂടെ കൊന്നു കളഞ്ഞതും രാജ്യതന്ത്രത്തിൻ്റെ പേരിൽ നടത്തിയ ചതിയാണെന്നു തിരിച്ചറിയുന്ന രാവണ കഥാപാത്രം പ്രേക്ഷകമനസിൻ മഹാമേരുപോലെ വളർന്നാണ് ലങ്കയ്ക്കൊപ്പം എരിഞ്ഞടങ്ങുന്നത്. പ്രേക്ഷക മനസിൽ മികച്ച നാടകാനുഭവമാണ് പെരും ആൾ സോളോ നാടകം സൃഷ്ടിച്ചത്. നാടകം അവസാനിച്ചപ്പോൾ ഉയർന്ന കരാവരങ്ങൾ അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ സാംസ്കാരിക സംഗമത്തിൻ്റെ ഭാഗമായാണ് പെരും ആൾ നാടകാവതരണം നടത്തിയത്. നാടക - സിനിമാ പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഹരീഷ് മോഹൻ, ദുബായിയിൽ നടന്ന മാസ്റ്റേഴ്സ് വോളിബോൾ ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീം അംഗം എം. പ്രസന്ന എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. 

നാരയണൻകാവുമ്പായി, നോവലിസ്റ്റ് രമേശൻ ബ്ളാത്തൂർ, നാടക കൃത്ത് പത്മനാഭൻ ബ്ളാത്തൂർ, സംവിധായകൻ ബിജു ഇരിണാവ്, ഷിജിത്ത് വായന്നൂർ, അജയകുമാർ കരിവെള്ളൂർ, വിജയൻ നണിയൂർ തുടങ്ങിയവർ സംസാരിച്ചു. നേരത്തെ ദുബായ് യുവ കലാസാഹിതി ഷാർജയിലും മറ്റിടങ്ങളിലും പെരും ആൾ നാടക അവതരണം നടത്തിയിരുന്നുവെങ്കിലും കണ്ണൂരിൽ ആദ്യമായാണ് അരങ്ങേറുന്നത്.

Tags