പെരളശേരി കീഴത്തൂർ പാലം നിർമ്മാണം യാഥാർത്ഥ്യമാകുന്നു ; പെരളശേരി -വേങ്ങാട് പഞ്ചായത്തുകൾ തമ്മിൽ അകലം കുറയും

sss

ധർമ്മടം : ഒരു നാടിൻ്റെ സ്വപ്നസാഫല്യമായി പെരളശേരി - കീഴത്തൂർ പാലം നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി. അരനൂറ്റാണ്ടിലേറെക്കാലമായി പെരളശേരി - വേങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആവശ്യങ്ങളിലൊന്നാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് പാലം പണിയുകയെന്നത്. കീഴത്തൂരിൽ നിന്നും പെരളശേരി ടൗണിന് സമീപത്തെ പള്ള്യത്താണ് പാലം എത്തിച്ചേരുന്നത്. ഇതിൻ്റെ തൂണുകളുടെയും പാലത്തിൻ്റെയും കോൺക്രീറ്റ് പണികൾ പുരോഗമിച്ചു വരികയാണ്.

വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന പാലമാണിത്. കണ്ണൂർ - കൂത്തുപറമ്പ് റോഡിൽ നിന്ന് നിലവിൽ ഇവിടേക്ക് റോഡുണ്ട്. ഇതു വികസിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതിനായി ആളുകളിൽ നിന്നും സമ്മത പത്രം വാങ്ങിയിട്ടുണ്. ഇതിലൂടെയാണ് നിർദ്ദിഷ്ട എ.കെ.ജി മ്യൂസിയത്തിലേക്കുള്ള വഴി കീഴത്തൂർ ഭാഗത്ത് അപ്രോച്ച് റോഡിൻ്റെ നിർമ്മാണം നടക്കേണ്ടതുണ്ട്. ഇതിനായി ആളുകളുടെ സമ്മതപത്രം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ 17 കോടി രൂപയാണ് പാലം നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ പുഴയ്ക്ക് അപ്പുറവും ഇപ്പുറവും പോകുന്നതിനായി കടത്തുവള്ളത്തെയാണ് ആളുകൾ ആശ്രയിച്ചിരുന്നത്.

പിന്നീട് ഇവിടെ ജില്ലാ പഞ്ചായത്ത് തൂക്കുപാലം നിർമ്മിച്ചു. എന്നാൽ വാഹന യാത്രക്കാരുടെ ദുരിതം ഇതു കൊണ്ടു അവസാനിക്കാത്ത സാഹചര്യത്തിലാണ് കോൺക്രീറ്റ് പാലത്തിനായി മുറവിളി തുടങ്ങിയത്. കീഴത്തു രിൽ നിന്നും പെരളശേരിയിലേക്ക് നിലവിൽ ആളുകൾ എത്തുന്നത് തൂക്കുപാലം വഴിയാണ് വാഹന സൗകര്യമില്ലാത്തതുകാരണം അടുത്ത ടൗണായിട്ടു കൂടി കീഴത്തൂരിൽ നിന്ന് ആളുകൾക്ക് പെരളശേരിയിലെത്താൻ കഴിയുന്നില്ല. ഏഴു കിലോമീറ്റർ ചുറ്റി മമ്പറം വഴിയാണ് വാഹനങ്ങൾ കീഴത്തൂരിൽ നിന്ന് ഇപ്പോൾ പെരളശേരിയിലെത്തുന്നത്. പാലം നിർമ്മാണം പൂർത്തിയായാൽ മമ്മാക്കുന്ന്, കാടാച്ചിറ,മേലൂർ, കടമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് മട്ടന്നൂർ വിമാന താവളത്തിലേക്കുള്ള എളുപ്പവഴിയായും ഇതു ഉപയോഗിക്കാമെന്നാണ് പ്രതീക്ഷ.

Tags