പഴയങ്ങാടിയിൽ അഗ്നിരക്ഷാനിലയം വേണമെന്ന ജനകീയാവശ്യം ശക്തമാകുന്നു

The popular demand for a fire rescue station in Pazhyangadi is getting stronger
The popular demand for a fire rescue station in Pazhyangadi is getting stronger

പഴയങ്ങാടി : പഴയങ്ങാടി കേന്ദ്രീകരിച്ച് അഗ്നിരക്ഷാനിലയം വേണമെന്ന ജനങ്ങളുടെ ആവശ്യം  ശക്തമാകുന്നു. കല്യാശ്ശേരി മണ്ഡലത്തിൽ നിലവിൽ അഗ്നിരക്ഷാനിലയമില്ല. വേനൽക്കാലത്ത് മാടായിപ്പാറയിലും പരിസര പ്രദേശങ്ങളിലും തുടർച്ചയായി തീപ്പിടുത്തമുണ്ടാകാറുണ്ട്.

 നിരവധി പ്ലൈവുഡ് ഫാക്ടറികൾ, മരക്കമ്പനികൾ, ഐസ് പ്ലാന്റ്,കടലോരമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന മാട്ടൂൽ, മാടായി പഞ്ചായത്തുകൾ, വ്യാപാര സമുച്ചയങ്ങൾ എന്നിവയെല്ലാം പ്രദേശത്തുണ്ട്.

കെ.എസ്.ടി.പി. റോഡിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളും ഭീഷണിയായി മാറുകയാണ്. ഇവിടെയൊക്കെ എന്തെങ്കിലും അപകടമോ തീപ്പിടിത്തമോ മറ്റ് അത്യാഹിതമോ സംഭവിച്ചാൽ 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിൽനിന്നോ ഏതാണ്ട് ഇതേ അകലമുള്ള തളിപ്പറമ്പിൽനിന്നോ വേണം ഫയർ സർവീസ് വാഹനം ഇവിടങ്ങളിലെത്താൻ. ഇതിനിടയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും പലപ്പോഴും രക്ഷാപ്രവർത്തകർക്ക് തടസ്സമാകാറുണ്ട്.

തീരദേശപഞ്ചായത്തുകളായ മാടായി, മാട്ടൂൽ മേഖലയിൽ പലപ്പോഴും അനുഭവപ്പെടുന്ന കടലേറ്റം ഉണ്ടായാലും കിലോമീറ്ററുകൾ താണ്ടി വേണം രക്ഷാപ്രവർത്തകർ ഇവിടെയെത്താൻ.മാടായിപ്പാറയിൽ വേനൽക്കാലത്ത് ഉണ്ടാകുന്ന തീപ്പിടിത്തം സൂക്ഷ്മജീവികളുടെ നാശത്തിനുതന്നെ കാരണമാകുന്നുണ്ട്. മാടായിപ്പാറയിൽ വൈദ്യുത സബ് സ്റ്റേഷനുമുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിലെത്താൻ കഴിയുന്ന സ്ഥലമെന്ന നിലയിൽ പഴയങ്ങാടിയോ തൊട്ടടുത്ത പ്രദേശത്തെയോഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ പരിഗണിക്കണമെന്ന ആവശ്യമുയരുന്നത്. 
ഈക്കാര്യത്തിൽ ജനപ്രതിനിധികളും, പഞ്ചായത്തധികൃതരും വിവിധ രാഷ്ട്രീയ-സമൂഹിക പ്രവർത്തകരും രംഗത്തിറങ്ങണമെന്നാണ് ജനകീയ ആവശ്യം.

Tags