പയ്യന്നൂർ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട മഹോത്സവം ജനുവരി 8 മുതൽ 11 വരെ നടക്കും

ramanthali muchilottu

പയ്യന്നൂർ: പയ്യന്നൂർ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട മഹോത്സവം ജനുവരി 8 മുതൽ 11 വരെ നടക്കും. 15 വർഷങ്ങൾക്കു ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉത്സവത്തിന് ‌മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയെ കണ്ടെത്തുന്നതിനുള്ള പ്രധാന ചടങ്ങായ ' വരച്ച് വെക്കൽ' ഡിസംബർ 31 ന് രാവിലെ 9.30 മുതൽ 11.30 വരെയുള്ള മുഹൂർത്തത്തിൽ നടക്കും. അന്ന് തന്നെ പീഠം നിർമ്മിക്കുന്നതിനുള്ള പ്ലാവിന് കുറിയിടൽ ചടങ്ങും നടക്കും. അന്നദാനവും ഉണ്ടാകും.

ramathali

ജനുവരി 8ന് രാവിലെ 9 മണിക്ക് രാമന്തളി ശങ്കരനാരായണ ക്ഷേ ത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ച് ക്ഷേത്രത്തിലും കുഴിയടുപ്പിലും പകരുന്നതോടെയാണ് പെരുങ്കളിയാട്ടത്തിന് തുടക്കമാവുക. ക്ഷേത്രത്തിൽ മുച്ചിലോട്ട് ഭഗവതിയും ഉപദേവീ ദേവന്മാ രും അടക്കം 9 തെയ്യങ്ങളാണ് ഉള്ളത്. കളിയാട്ടത്തിന്റെ നാല് ദിനങ്ങളിലും കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, മടയിൽ ചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളും സമാപന ദിവസം മുച്ചിലോട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പ്രമാഞ്ചേരി ഭഗവതി എന്നീ തെയ്യങ്ങളും കെട്ടിയാടും . മൂന്നാം ദിനമായ 10 ന് പകൽ 3 മണിക്ക് മംഗല കുഞ്ഞുങ്ങളോട് കൂടിയുള്ള തോറ്റം ചുഴലൽ നടക്കും. സമാപന ദിവസമായ 11 ന് പകൽ 12.30 ന് മേലേരി കൈയ്യേൽക്കലും ഒരു മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരലും നടക്കും.

ramanthali 1

കളിയാട്ടം നടക്കുന്ന നാല് ദിവസങ്ങളിലായി ആറുനേരം 4 ലക്ഷത്തോളം ഭക്തജനങ്ങൾക്ക് അന്നദാനം നൽകുന്നതിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി ഭാരവാഹികൾ പറഞ്ഞു. ഒരേ സമയം 5000 പേർക്ക് ഭക്ഷണം നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പത്തോളം സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം തയ്യാറാക്കും.

ജനുവരി 1മുതൽ 6 വരെയുള്ള ദിവസങ്ങളിൽ മന്ത്രിമാർ, എം എൽ എ മാർ, മുൻ പ്രതിപക്ഷ നേതാവ്, വിവിധ രാഷ്ട്രീയ - സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ  നടക്കും. 8 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്യും.പെരുങ്കളിയാട്ടം സ്മരണിക "അടയാളം" മന്ത്രി പ്രകാശിപ്പിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് പ്രൊഫസർ കെ സച്ചിദാനന്ദൻ വിശിഷ്ടാതിഥി ആയി സമ്മേളനത്തിൽ പങ്കെടുക്കും. MG സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഡോ. ഷീന ഷുക്കൂർ പ്രഭാഷണം നടത്തും. അന്ന് രാത്രി 9മണിക്ക് KPAC യുടെ പ്രശസ്തമായ നാടകം മുടിയനായ പുത്രൻ അരങ്ങിലെത്തും. 

ramanthali 2.jpg

9 ന്  7 മണിക്ക് സാംസ്കാരിക സമ്മേളനം കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ  ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി സോമൻ കടലൂർ പ്രഭാഷണം നടത്തും. രാത്രി 9 മണിക്ക്  പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, ദുർഗ്ഗാ വിശ്വനാഥ് എന്നിവർ നയിക്കുന്ന ഗാനമേള ഉണ്ടാകും.10 ന് 7 മണിക്ക് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സിനിമാ നടൻ സുബീഷ് സുധിയും പരിപാടിയിൽ സംബന്ധിക്കും. രാത്രി 9മണിക്ക് ആട്ടം കലാസമിതി & തേക്കിൻകാട് ബാൻ്റ് അവതരിപ്പിക്കുന്ന മ്യുസിക് ഫ്യൂഷൻ നടക്കും.

muchilottu

വാർത്താ സമ്മേളനത്തിൽ പെരുങ്കളിയാട്ടം ചെയർമാൻ കെ കെ  രാമകൃഷ്ണ പൊതുവാൾ,വർക്കിങ് ചെയർമാൻ പി പി ദാമോദരൻ, ജനറൽ കൺവീനർ ടി വി ബാലകൃഷ്ണൻ കൺവീനർമാരായ വി വി ജനാർദ്ദനൻ, കെ കൃഷ്ണൻ മാസ്റ്റർ, കെ രമേശൻ , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി കെ വേണുഗോപാലൻ മാസ്റ്റർ,പ്രോഗ്രാം കമ്മിറ്റി കൺവീനർ പി വി സുരേന്ദ്രൻ, സാമ്പത്തിക കമ്മിറ്റി കൺവീനർ കെ പത്മനാഭൻ, ഭക്ഷണ കമ്മിറ്റി ചെയർമാൻ കെ വി ബാലകൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ വി സുരേന്ദ്രൻ, അടിയന്തിര കമ്മിറ്റി കൺവീനർ സുരേന്ദ്രൻ എം ബി, പബ്ലിസിറ്റി കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ ശാന്തകുമാർ എം കെ, മീഡിയ കമ്മിറ്റി കൺവീനർ സുബിൻ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.