പുത്തൻ മെയ്ക്ക് ഓവറിൽ പയ്യന്നൂർ : സെൻട്രൽ ബസാർ ജങ്ഷൻ നവീകരണത്തിന് ഒരുങ്ങുന്നു
പയ്യന്നൂർ : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന പയ്യന്നൂർ പുത്തൻ മെയ്ക്ക് ഓവറിന് ഒരുങ്ങുന്നു. സെൻട്രൽ ബസാർജങ്ഷൻ നവീകരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറായി.
ബസാറിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ടി ഐ മധുസൂദനൻ എംഎൽഎയുടെ ഇടപെടലിൽ ജങ്ഷൻ നവീകരിക്കാൻ തീരുമാനിച്ചത്. ഗതാഗതക്കുരുക്ക് രൂക്ഷമായ സംസ്ഥാനത്തെ 21 ജങ്ഷനുകൾ കിഫ്ബി പദ്ധതിയിൽ നവീകരിക്കുന്നതിൽ പ്രഥമ പരിഗണന നൽകിയാണ് പയ്യന്നുരിനെ തെരഞ്ഞെടുത്തത്.
ജില്ലയിൽപയ്യന്നൂരും ചക്കരക്കല്ലുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. നവീകരണത്തിന് മുന്നോടിയായി സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായുള്ള സർവേ നടപടികൾ പൂർത്തിയായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യാപാരി, വ്യവസായി, ഹോട്ടൽ പ്രതിനിധികളുമായി രണ്ട് തവണ ചർച്ച പൂർത്തിയാക്കിയ ശേഷമാണ് രൂപരേഖ തയ്യാറാക്കിയത്.
നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കും. സിഗ്നൽ സംവിധാനം ഉൾപ്പെടുന്ന സെൻട്രൽ ബസാറിന്റെ നാലുഭാഗത്തും വീതികൂട്ടി വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുന്നതിന് സംവിധാനം ഒരുക്കും.
ജങ്ഷനിൽ 50 മുതൽ 25 മീറ്റർ വരെ വീതി ഉണ്ടാകും. അപ്രോച്ച് റോഡിൽ 20 മീറ്ററും സെൻട്രൽ ബസാറിൽനിന്ന് പെരുമ്പ ഭാഗത്തേക്ക് ബിവറേജസ് റോഡുവരെയും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് റൂറൽ ബാങ്കിന് പടിഞ്ഞാറ് ഭാഗത്തുള്ള റോഡുവരെയും അന്നൂർ ഭാഗത്തേക്ക് മിനി സിവിൽ സ്റ്റേഷൻ വരെയും കണ്ടങ്കാളി ഭാഗത്തേക്ക് സിഐടിയു ഓഫീസ് റോഡുവരെയുമാണ് വികസിപ്പിക്കുന്നത്.
മികച്ച ട്രാഫിക് സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും നിരീക്ഷണ കാമറകളും സ്ഥാപിക്കും. നാല് ദിശയിൽ നിന്നും ഇടതുവശത്ത് ഫ്രീലെഫ്റ്റ് സംവിധാനം ഒരുക്കും. പൊന്നുംവില കൊടുത്താണ് ഭൂമി ഏറ്റെടുക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ പയ്യന്നൂരിന്റെ മുഖച്ഛായ മാറും.