പയ്യന്നൂരില്‍ എ.ടി. എം ഡെപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ച അഞ്ഞൂറിന്റെ രണ്ട് കളളനോട്ട് കണ്ടെത്തി

500

 തളിപറമ്പ്: പയ്യന്നൂര്‍ നഗരത്തിലെ   എ.ടി. എം കൗണ്ടറിലെ കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ച  പണത്തില്‍ നിന്നും കളള നോട്ടുകള്‍ കണ്ടെത്തി. പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ റോഡില്‍  പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ പണം ഡെപ്പോസിറ്റ്  മെഷീനില്‍ നിന്നാണ് 500-ന്റെ രണ്ടുകളളനോട്ടുകള്‍ കണ്ടെത്തിയത്. 

ചൊവ്വാഴ്ച്ച രാവിലെയാണ് കളള നോട്ടുകള്‍ ബാങ്ക് അധികൃതര്‍ കണ്ടെത്തിയത്. പണം നിക്ഷേപിച്ചവര്‍ കളളനോട്ടുകള്‍ ഇടകലര്‍ത്തി ഇട്ടതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കധികൃതര്‍ പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

 ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ പൊലിസ് പിടികൂടിയ കളളനോട്ടുകളിലെ സീരിയല്‍ നമ്പറില്‍പ്പെടുന്നവയാണ് കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ നിന്നും കണ്ടെത്തിയവയും. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ തോതില്‍ കളള നോട്ടുകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ തെക്കിബസാറിലെ ബാറില്‍ അഞ്ഞൂറിന്റെ കളളനോട്ടുകള്‍ ഉപയോഗിച്ചുബില്‍ നല്‍കിയ പയ്യന്നൂര്‍ സ്വദേശി ഷിജുവിനെ(38) കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

 ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പെരിങ്ങോം പാടിയോട്ടു ചാല്‍ ഏച്ചിലംപാറ സ്വദേശിനിയും കാസര്‍കോട് ജില്ലയില്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ നടത്തുകയും ചെയ്യുന്ന പി. ശോഭയും(45) അറസ്റ്റിലായിരുന്നു.

Tags