പയ്യാമ്പലത്തെ അതിക്രമം ആസൂത്രിതം; യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

google news
Martin

 കണ്ണൂര്‍ : പയ്യാമ്പലത്ത്  രാഷ്ട്രീയ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം  സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡന്റ്  അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണം. ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ ഇത്തരമൊരു അതിക്രമം രാഷ്ട്രീയ  മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുകയാണ്.

ചില സ്മൃതി മണ്ഡപങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച് അതിക്രമം കാണിച്ചത് കേവലമായ സാമൂഹ്യ ദ്രോഹ പ്രവര്‍ത്തനമെന്ന് വിലയിരുത്തുക വയ്യ. സമാധാന അന്തരീക്ഷത്തിന് ഭംഗമുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളെ സംഘര്‍ഷഭരിതമാക്കാനുള്ള ശ്രമത്തെ മുളയിലെ തന്നെ നുള്ളണമെന്നും ഇത്തരമൊരു ഹീന പ്രവൃത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്നും അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

യു ഡി എഫ് നേതാക്കളായ മേയര്‍ മുസ്ലിഹ് മഠത്തില്‍, ചന്ദ്രൻ തില്ലങ്കേരി,അഡ്വ. ടി.ഒ മോഹനന്‍, എം പി മുഹമ്മദലി, മാധവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പയ്യാമ്പലത്ത് അതിക്രമം നടന്ന സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ചു സി.പി.എം നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച്ച വൈകിട്ട് കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നതിനിടെയാണ് നേതാക്കളുടെ സ്മൃതി മണ്ഡപത്തിന് നേരെയുള്ള അതിക്രമത്തെ തള്ളി പറഞ്ഞു കൊണ്ടു കോൺഗ്രസ് നേതൃത്വം രംഗത്തു വന്നത്.

Tags