പടുവത്തെരു കൂറുമ്പക്കാവിൽ കളിയാട്ടത്തിന് തുടക്കം

google news
പടുവത്തെരു കൂറുമ്പക്കാവിൽ കളിയാട്ടത്തിന് തുടക്കം

ചിറക്കൽ: പത്മശാലിയ സമുദായത്തിന്റെ ഇടങ്ക വലങ്ക 96 നഗരങ്ങളിൽ പട്ടുവം തൊട്ട് പനമ്പൂര് വരെയുള്ള 14 നഗര സ്ഥാനങ്ങളിൽ  പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ചിറക്കൽ  പട്ടുവത്തെരു കുറുമ്പ ഭഗവതി ക്ഷേത്രം താലപ്പൊലി  കളിയാട്ട മഹോത്സവത്തിന് തുടക്കമായി. 25 വരെ നടക്കുന്ന കളിയാട്ടത്തിൽ കോല സ്വരൂപത്തിങ്കൽ തായിപ്പരദേവത, ഊർപഴശ്ശി  വേട്ടക്കൊരു മകൻ, കുതിരക്കാളി, ചൂളിയാർ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി, വിഷ്ണുമൂർത്തി, പട വീരൻ, ഗുളികൻ എന്നീ തെയ്യക്കോലങ്ങളെ കെട്ടിയാടിക്കും. കൂടാതെ ശ്രീ കൂർമ്പ ഭഗവതിക്ക് താലപ്പൊലിയും വടക്കേംഭാഗവും  നടക്കും. 

കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി  ക്ഷേത്ര നടയിൽ നടന്ന സ്നേഹാദരവ് ചടങ്ങ് കെ.വി സുമേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ  പത്മശ്രീ പുരസ്കാര ജേതാവ്  എസ്.ആർ.ഡി. പ്രസാദ്, സ്തുത്യർഹ സേവനത്തിന്  രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ  കെഎപി (4) ബറ്റാലിയൻ റിട്ട.  ഡെപ്യൂട്ടി കമാൻഡൻഡ് ടി. പി. ശ്യാംസുന്ദർ, ചിറക്കൽ ചാമുണ്ഡി കോട്ടത്ത് പെരുങ്കളിയാട്ടത്തിന് നേതൃത്വം നൽകിയ സി.കെ. സുരേഷ് വർമമ, പതിനാലാം വയസ്സിൽ തീചാമുണ്ടി കെട്ടി പണിക്കർ സ്ഥാനത്തിന് അർഹനായ  അഭിരാം പണിക്കർ എന്നിവരെ ആദരിച്ചു.    ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.പി ശ്രീധരൻ്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉത്രട്ടാതി തിരുനാൾ സി.കെ രാമവർമ്മ വലിയ രാജ വിശിഷ്ടാതിഥിയായിരുന്നു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഒ.  ചന്ദ്രമോഹൻ, ടാഗോർ റിസേച് സ്കോളറും എഴുത്തുകാരനും പത്രപ്രവർത്തകനുമായ യു.പി.  സന്തോഷ് എന്നിവർ ആശംസയർപ്പിച്ചു. 


വലിയ രാജാപാദവി ഏറ്റെടുത്ത് ആദ്യമായി  ക്ഷേത്രത്തിലെത്തിയ സി കെ. രാമവർമ്മ വലിയ രാജയെ ദേവസ്വം ട്രസ്സ്റ്റ് കമ്മറ്റി പ്രസിഡണ്ട് പി. ചന്ദ്രൻ വസ്ത്രം നൽകി സ്വീകരിച്ചു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി കെ.വി.  ശശികുമാർ സ്വാഗതവും എൻ. ദിനേശൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. 24,25 തീയതികളിൽ  തെയ്യത്തോറ്റങ്ങൾ, കോലങ്ങൾ, കാഴ്ചവരവ്, അന്നദാനം വിവിധ  കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

Tags