കണ്ണൂരിലെത്തിയാല്‍ ഇനി മൂക്കുംപൊത്തിനടക്കേണ്ട,തദ്ദേശസ്വയംഭരണ സ്ഥാപനം സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് പടന്നപ്പാലത്ത് ഉദ്ഘാടനത്തിനൊരുങ്ങി

dgdfh

കണ്ണൂര്‍:കണ്ണൂര്‍ നഗരത്തിലെ മലിനജലത്തിന് പരിഹാരമായ കോര്‍പറേഷന്‍ പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്‌ളാന്റ് ഉദ്ഘാടനത്തിനൊരുങ്ങി.
 കണ്ണൂര്‍ നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി പടന്നപ്പാലത്ത് നിര്‍മ്മിച്ചിരിക്കുന്ന മലിനജല ശുദ്ധീകരണ  പ്‌ളാന്റ് ഡിസംബര്‍ മുപ്പതിന് നാടിന് സമര്‍പ്പിക്കും. വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മറ്റ് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഓടകളിലേക്ക് ഒഴുക്കി വിടുന്ന മലിനജലം ഇന്ന് പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. നഗരത്തിലെ മലിനജലം ഒഴുകി എത്തുന്നത് പ്രധാനമായും പടന്നത്തോടിലാണ്.  

ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതിനായി കൗണ്‍സില്‍ മുന്‍കൈ എടുത്ത് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര അഴുക്കുചാല്‍ പദ്ധതിയും മലിനജല ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയുണ്ടായി.  കണ്ണൂര്‍ നഗരത്തിലെ ഏറ്റവും കൂടുതല്‍ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന കാനത്തൂര്‍, താളിക്കാവ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനായി 1എംഎല്‍ഡി (10 ലക്ഷം ലിറ്റര്‍) ശേഷിയുള്ള ആര്‍എംബിആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ് മഞ്ചപ്പാലത്ത് നിര്‍മ്മിക്കുകയും  ഈ പ്ലാന്റിലേക്ക് മലിനജലം എത്തിക്കുന്നതിനായി 12.5 കി.മീ നീളം വരുന്ന വിപുലമായ സ്വീവേജ് നെറ്റ്വര്‍ക്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27.03 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതോടെ പ്രതിദിനം 10 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നതാണ്. ഇവിടെ നിന്നുള്ള ജലം കൃഷിക്കും നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മറ്റ് ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതോടുകൂടി കണ്ണൂര്‍ നഗരത്തിലെ ഭൂഗര്‍ഭജലം മലിനപ്പെടുന്നത് തടയുവാനും പടന്നത്തോടിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാനും സാധിക്കുമെന്നും മാലിന്യമുക്ത നഗരത്തിലേക്കുള്ള ഒരു ചവിട്ടുപടിയാകുമെന്നും കോര്‍പറേഷന്‍ മേയര്‍ പറഞ്ഞു. 

 കേരളത്തില്‍ ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത് എന്നതും അഭിമാനകരമാണ്. ഇതോടൊപ്പം കാനത്തൂര്‍, താളിക്കാവ് വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലേക്കും സൗജന്യമായി കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു വരുന്നുണ്ട്. ഒരു വീട്ടിലേക്ക് കണക്ഷന്‍ നല്‍കുന്നതിന് 10,000 രൂപയില്‍ അധികം ചെലവ് വരും. ഇത് കോര്‍പ്പറേഷന്‍ വഹിക്കും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റിയാണ്.പ്‌ളാന്റിന്റെ  ഉദ്ഘാടനം ഡിസംബര്‍ 30ന്  ഉച്ചയ്ക്ക് രണ്ടുമണിക്ക് മേയര്‍ അഡ്വ.ടി ഒ മോഹനന്റെ അധ്യക്ഷതയില്‍മന്ത്രി.എം ബി രാജേഷ് നിര്‍വ്വഹിക്കും.

Tags