ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎം ബ്രാഞ്ച് സമ്മേളനം സെപ്തംബർ ഒന്നിന് ആരംഭിക്കും

cpm1
cpm1

കണ്ണൂർ : സി.പി.എം ഇരുപത്തിനാലാം  പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  4394 ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 30-നകം പൂർത്തീകരിക്കും. 23-ാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ കാഴ്ചപ്പാടുകൾ നടപ്പാക്കിയതിലെ അനുഭവങ്ങളും കഴിഞ്ഞ സമ്മേളനം മുതൽ ഈ സമ്മേളനം വരെ നടത്തിയ പ്രവർത്തനങ്ങളും, വിമർശന-സ്വയം വിമർശനാടിസ്ഥാനത്തിൽ പരിശോധിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയുമാണ് ബ്രാഞ്ച് സമ്മേളനങ്ങളുടെ ലക്ഷ്യം. രാജ്യത്ത് സോഷ്യലിസവും,കമ്മ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം പ്രവർത്തിക്കുന്നത്.

 അതിന് മുന്നോടിയായി അത് നേടിയെടുക്കാൻ ജനകീയ-ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കണം. ദീർഘകാല ലക്ഷ്യമായ ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്കുള്ള അടിയന്തിര കടമയാണ് ഇടതുപക്ഷ-ജനാധിപത്യ മുന്നണി വളർത്തിയെടുക്കുക എന്നത്. അതൊരു തെരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല.

ബഹുജന സമരങ്ങൾ വളർത്തിയെടുക്കാനുള്ള വർഗ്ഗ ഐക്യ പ്രസ്ഥാനമാണ്.അതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും പാർട്ടി സ്വതന്ത്രമായ പ്രവർത്തനം നടത്തുകയും വേണം. അതിനുള്ള പരിശ്രമമാണ് സി.പി.എം നടത്തുന്നത്. ഈക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ മൂന്നാം തവണയും അധികാരത്തിലെത്തിയ ബി.ജെ.പി ക്ക് തനിച്ച് കേവല ഭൂരിപക്ഷമില്ലെങ്കിലും കോർപറേറ്റ്-വർഗ്ഗീയ അജണ്ട തന്നെയാണ് നടപ്പിലാക്കുന്നത്. 

എന്നാൽ മുൻകാലങ്ങളേക്കാൾ പ്രതിപക്ഷം ശക്തമായ പ്രതിരോധം പാർലിമെന്റിൽ സംഘടിപ്പിക്കുന്നുണ്ട്.കേരളത്തിലെ എൽ.ഡി.എഫ ് സർക്കാർ ജനകീയ-വികസന-ക്ഷേമ പദ്ധതികൾ നടപ്പിലാക്കി രാജ്യത്തിന് മാതൃകയാവുകയാണ്. മിക്ക കാര്യങ്ങളിലും സംസ്ഥാനത്തിന് ഒന്നാമതെത്താൻ കഴിഞ്ഞത് എൽ.ഡി.എഫ് സർക്കാർ ബദൽ നയങ്ങൾ നടപ്പാക്കിയത് കൊണ്ടാണ്. അതിനെ തകർക്കാനാണ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന സർക്കാർ വിരുദ്ധ സമരത്തിലൂടെ ശ്രമിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങൾ സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നില്ല. 

പകരം സർക്കാർ വിരുദ്ധ വാർത്തകൾ വലതുപക്ഷ രാഷ്ട്രീയ ശക്തികൾക്കു വേണ്ടി തുടർച്ചയായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കും. ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് വിപുലമായ അനുഭാവി യോഗങ്ങൾ സംഘടിപ്പിക്കും. 

പൊതു ഇടങ്ങളും, പാർട്ടിയുടെ എല്ലാ ഓഫീസുകളും, ക്ലബ്ബുകളും,വായനശാലകളും ശുചീകരിക്കും. മാലിന്യ വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ശുചിത്വ കേരളം പദ്ധതിയുമായി പൂർണ്ണമായും സഹകരിക്കും.ഒക്‌ടോബർ രണ്ട് ഗാന്ധിജയന്തി മുതൽ നവംബർ 25 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ വ്യാപൃതരാകുമെന്ന് എം.വി ജയരാജൻ പറഞ്ഞു.

Tags