പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ക്യാംപസിൽ സ്ഥലം കയ്യേറി നിര്‍മ്മാണപ്രവർത്തി; യു.ഡി.ഫ് ജില്ലാ നേതാക്കളുടെ സംഘം സന്ദർശിച്ചു
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ക്യാംപസിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ സൊസൈറ്റിയുടെ മറവിൽ കൈയ്യേറ്റം നടന്ന കെട്ടിടം യു.ഡി.ഫ് ജില്ലാ നേതാക്കളുടെ സംഘം സന്ദർശിച്ചു. കൈയ്യേറ്റം വിലയിരുത്തിയ ശേഷം യു ഡി.എഫ് ജില്ലാ ചെയർമാൻ പി ടി മാത്യുവിൻ്റെ നേതൃത്വത്തിൽ നേതാക്കൾ ആശുപത്രി വികസന സമിതി ചെയർമാൻ ജില്ലാ കളക്ടർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകി.
സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റ്(പാംകോസ്) എന്ന സഹകരണ സ്ഥാപനം അനുമതിയില്ലാതെ ബാങ്ക് ആരംഭിക്കാനായി കെട്ടിടം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. പാംകോസ് എന്ന സഹകരണ സ്ഥാപനത്തിന് കാൻ്റിൻ നടത്താൻ മുൻ ഭരണ സമിതി അംഗീകാരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കാമ്പസിനകത്തെ പലസ്ഥലങ്ങളും കൈയ്യേറി വിപുലീകരിച്ച് വിവിധ സ്ഥലങ്ങളിലായി കൈയ്യേറ്റം നടത്തുകയാണ്.
ദക്ഷിണേന്ത്യയിലെ മികച്ച ആശുപത്രികളിൽ ഒന്നായിരുന്ന പരിയാരം മെഡിക്കൽ കോളേജ് ഗവണ്മെന്റ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതിനു ശേഷം പാർട്ടി ഗുണ്ടകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കച്ചവട കേന്ദ്രമായി പരിയാരം മെഡിക്കൽ കോളേജ് മാറി. മെഡിക്കൽ കോളേജിലെ എല്ലാ നിലകളിലും കച്ചവടം നടത്തുന്ന കേന്ദ്രമായി മാറി. അത്തരമൊരു സൊസൈറ്റിക്ക് വേണ്ടിയാണ് കെട്ടിടം പൊളിച്ചു അനധികൃത നിർമ്മാണം നടക്കുന്നത്.
ഇവിടെ നടക്കുന്ന കൊള്ളക്കെതിരെ യുഡിഫ് ശക്തമായി രംഗത്ത് വരുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി ടി മാത്യു പറഞ്ഞു.
മെഡിക്കൽ കോളേജിനകത്ത് നിരവധി പ്രശ്നങ്ങളുണ്ട്. പേ പാർക്കിംഗ് സംവിധാനത്തിൻ്റെ ഭാഗമായി ലഭിക്കുന്ന ഭീമമായ തുക എവിടെക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. ആശുപത്രി വികസന സമിതി സിപിഎം വൽകൃതമായ ഒന്നാണ് അതിനാൽ മെഡിക്കൽ കോളേജിനെ സംരക്ഷിച്ചെടുക്കുന്നതിനുള്ള പോരാട്ടമാണ് നമ്മൾ ചെയ്യേണ്ടത് എന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചെലേരി പറഞ്ഞു.
അടുത്ത ദിവസം മെഡിക്കൽ കോളേജ് പരിസരത്ത് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി മെഡിക്കൽ കോളേജിനെ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാനാവശ്യമായ നിരന്തര പ്രവർത്തനങ്ങൾ സജീവമാക്കാനാണ് യു.ഡി.എഫിൻ്റെ തീരുമാനം.