മുഖ്യധാരാ ചിത്രങ്ങള്‍ക്കുള്ള സ്വീകാര്യത സമാന്തര സിനിമകള്‍ക്കും ലഭിക്കണം: ഓപ്പണ്‍ ഫോറം

 Happiness International Film Festival

തളിപ്പറമ്പ :  മുഖ്യധാരാ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പരിഗണനയും സമാന്തര സിനിമകള്‍ക്കും ലഭിക്കണമെന്ന പ്രഖ്യാപനവുമായി ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഓപ്പണ്‍ ഫോറം. തളിപ്പറമ്പ് ക്ലാസിക് തീയറ്ററില്‍ നടന്ന പരിപാടി നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംവിധായകരായ മനോജ് കാന, ശ്രുതി ശരണ്യം, വിഘ്‌നേഷ് പി ശശിധരന്‍, സുനില്‍ മാലൂര്‍, എഴുത്തുകാരന്‍ അര്‍ജുന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുത്തു. എഴുത്തുകാരന്‍ പി കെ സുരേന്ദ്രന്‍ മോഡറേറ്ററായി. 'സമാന്തര സിനിമയുടെ പ്രദര്‍ശന വിപണന സാധ്യതകള്‍' എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം നടന്നത്.

 Happiness International Film Festival

നവാഗത സംവിധായകര്‍ക്ക് കലാമൂല്യമുള്ള സിനിമ ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ 'സ്ത്രീകളുടെ സിനിമ' എന്ന പദ്ധതിയുള്ളതിനാലാണ് തനിക്കതിന് സാധിച്ചതെന്നും ശ്രുതി ശരണ്യം പറഞ്ഞു. കച്ചവട സനിമകളോടാണ് പലര്‍ക്കും താല്‍പ്പര്യം. അതിനാല്‍ കലാമൂല്യമുള്ള ചിത്രങ്ങളിലും ഇത്തരം ഘടകങ്ങള്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. എങ്കില്‍ മാത്രമേ നിര്‍മ്മാതാക്കളെയും തീയറ്റര്‍ ഉടമകളെയും ലഭിക്കുകയുള്ളു. സമാന്തര ചിത്രങ്ങള്‍ക്കായി സമാന്തര പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാകണമെന്നും ശ്രുതി അഭിപ്രായപ്പെട്ടു.

10 പേരെങ്കിലും ഉണ്ടെങ്കിലേ തീയറ്റര്‍ ഉടമകള്‍ക്ക് സിനിമ പ്രദര്‍ശിപ്പിക്കാനാകുവെന്നും മികച്ച ചിത്രങ്ങള്‍ക്ക് ആളുകള്‍ കുറയുന്നത് അവബോധം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കാത്തത് കൊണ്ടാണെന്നും മനോജ് കാന അഭിപ്രായപ്പെട്ടു. 

താന്‍ ചെയ്ത രണ്ട് സിനിമകളും ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം പിടിച്ചിരുന്നെങ്കിലും കച്ചവടം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് വിഘ്‌നേഷ് പി ശശിധരന്‍ പറഞ്ഞു. ഇത്തരം സിനിമകളോടുള്ള അവഗണന മൂലം ബുദ്ധിമുട്ടനുഭവിക്കുകയാണ്. പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഇത്തരം ചിത്രങ്ങള്‍ക്കുള്ള ഇടം എവിടെയാണെന്ന് തന്റെ ആശങ്ക. അതിനാല്‍ പരീക്ഷണ ചിത്രങ്ങള്‍ എടുക്കാന്‍ പലരും മടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 Happiness International Film Festival

കച്ചവട താല്‍പ്പര്യത്തിനായി നിര്‍മ്മാതാക്കളോട് സമരസപ്പെടുന്ന രീതി മാറി കലാമൂല്യമുള്ള സിനിമകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധിക്കണമെന്നായിരുന്നു സുനില്‍ മാലൂരിന്റെ അഭിപ്രായം. അവഗണിക്കപ്പെടുന്ന സിനിമകള്‍ക്ക് വേദിയൊരുക്കാനും അതിനുള്ള സാമൂഹ്യ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാധിക്കണമെന്നും അദ്ദേഹം പറയുന്നു.

Tags