കണ്ണൂരിൽ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിൽ; പിന്നില്‍ 40 അംഗ സംഘമെന്ന് പോലീസ്
കൂത്തുപറമ്പ്(കണ്ണൂര്‍): സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിൽ. പുല്‍പ്പള്ളി കല്ലേരിക്കരയിലെ സുജിത്തിനെ(29)യാണ് മുത്തങ്ങയില്‍ കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി.ഹരിക്കുട്ടനും സംഘവും പിടികൂടിയത്. അതേസമയം സ്വര്‍ണ വ്യാപാരികളില്‍നിന്ന് പണം കവര്‍ന്നതിനുപിന്നില്‍ നേരിട്ടും അല്ലാതെയും 40 പേരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജൂലായ് 27-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റ്യാടി കേന്ദ്രീകരിച്ച് പഴയ സ്വര്‍ണം വാങ്ങി വില്‍പ്പന നടത്തുന്ന മഹാരാഷ്ട്ര സാംഗ്‌ളി സ്വദേശികളായ സന്തോഷ് മിശ്ര, അമല്‍ സാഗര്‍ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. സ്വര്‍ണം വിറ്റ പണവുമായി മുംബൈയില്‍നിന്ന് കാറില്‍ വരികയായിരുന്ന ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം വളവുപാറ-തലശ്ശേരി റോഡില്‍ നിര്‍മലഗിരി വളവിലെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു.
അക്രമിസംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി പണം കവര്‍ന്നശേഷം വ്യാപാരികളെ വഴിയില്‍ ഇറക്കിവിട്ടു. 50 ലക്ഷം രൂപ കവര്‍ന്നെന്നാണ് വ്യാപാരികള്‍ പരാതിപ്പെട്ടത്. എന്നാല്‍ 3.75 കോടി രൂപ നഷ്ടമായതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, പ്രദേശത്തെ മോഷണസംഘത്തിന്റെ പിന്തുണയോടെ നിരവധി മോഷണസംഘങ്ങള്‍ ചേര്‍ന്നാണ് തുക തട്ടിയെടുത്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
തങ്ങളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത് 15-ഓളം പേരടങ്ങുന്ന സംഘമാണെന്നാണ് വ്യാപാരികള്‍ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാൽ 40 ഓളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പല സംഘങ്ങളായി തിരിഞ്ഞ് 10-ലേറെ വാഹനങ്ങളിലാണ് സംഘം വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചത്. നിര്‍മലഗിരി വളവില്‍ വ്യാജ അപകടമുണ്ടാക്കി മഹാരാഷ്ട്ര സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നശേഷം സംഘം പിരിഞ്ഞു. പിറ്റേദിവസം കിട്ടിയ തുകയ്ക്ക് നിശ്ചയിച്ചുറപ്പിച്ച പ്രതിഫലം കൃത്യമായി ഓരോരുത്തര്‍ക്കും കൈമാറുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാറിന്റെയും കൂത്തുപറമ്പ് എ.സി.പി. എം.കൃഷ്ണന്റെയും മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.ഹരിക്കുട്ടനും സംഘവുമാണ് കേസന്വേഷിക്കുന്നത്. അതേസമയം പിടിയിലായ സുജിത്തിനെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിരവധി കേസുകളില്‍ പ്രതിയാണ് സുജിത്ത്.