നഴ്‌സുമാര്‍ക്കെതിരെ കേസ്, ഉദ്ഘാടനം ചെയ്ത എം. എല്‍. എയ്‌ക്കെതിരെ കുറ്റമില്ല, പൊലിസിന്റെത് ഇരട്ടനീതിയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

google news
martin

 കണ്ണൂര്‍: കണ്ണൂര്‍ സിവില്‍ സ്‌റ്റേഷനന്‍ വളപ്പില്‍ അതിക്രമിച്ചു കയറി പ്രസംഗിച്ച കല്ല്യാശേരി എംഎല്‍എ എം.വിജിനെതിരെ പോലീസ് കേസെടുക്കാത്തത് ഇരട്ട നീതിയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ആരോപിച്ചു.  

നഴ്സുമാരുടെ സംഘടന നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരേ അതിക്രമിച്ചു കയറല്‍, ഗതാഗത തടസ്സം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തപ്പോള്‍  സിവില്‍ സ്‌റ്റേഷന്‍  കോമ്പൗണ്ടിനകത്ത് മൈക്ക് കെട്ടി പ്രസംഗിക്കുകയും പോലീസിനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്ത എംഎല്‍എയെ  കേസില്‍ നിന്ന് ഒഴിവാക്കിയത് ആരെ ഭയന്നിട്ടാണെന്ന് പറയണം.

കളക്ട്രേറ്റിനകത്ത് സമരങ്ങള്‍ അനുവദനീയമല്ലെന്ന് അറിയാമായിരുന്നിട്ടും അവിടെ പ്രസംഗിച്ച എംഎല്‍എ ചെയ്തത് നിയമലംഘനമാണ്. ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ തന്നെ ഇത്തരം നിയമലംഘനം നടത്തുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നത് ആഭ്യന്തരവകുപ്പിന്റെ കഴിവുകേടാണ് പ്രകടമാക്കുന്നത്. ഭരണകക്ഷിക്കാര്‍ക്കു മുന്നില്‍ ഓഛാനിച്ചു നില്‍ക്കേണ്ട ഗതികേടിലാണ് പോലീസുദ്യോഗസ്ഥര്‍. 

ഭരണകക്ഷി നത്തുന്ന പ്രതിഷേധത്തോടും പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോടും രണ്ടു സമീപനമാണ് പോലീസ് പുലര്‍ത്തുന്നത്. ഭരണാനുകൂല സംഘടനയുടെ കലക്ട്രേറ്റ്  മാര്‍ച്ച് എത്തുമ്പോള്‍ തടയാന്‍ കലക്ടറേറ്റിന് മുന്നില്‍ പോലീസിനെ നിയോഗിക്കാതിരുന്നതു തന്നെ ഗുരുതരവീഴ്ചയാണ്. തുടര്‍ന്ന് കലക്ടറേറ്റിനുള്ളില്‍ പ്രതിഷേധം നടന്നപ്പോള്‍ മാത്രമാണ് പോലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുന്നത്. നിയമസംവിധാനത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ മൈക്ക് കെട്ടി പ്രസംഗിക്കാതെ സമരക്കാരെ പുറത്തു കൊണ്ടു പോകാനായിരുന്നു എംഎല്‍എ ശ്രമിക്കേണ്ടിയിരുന്നത്. 

അതിനു പകരം പോലീസിനെ വെല്ലുവിളിച്ച് അവിടെ പ്രസംഗിക്കുകയും പരസ്യമായി പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത എംഎല്‍എക്കെതിരേ പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന്  കേസെടുക്കണമെന്ന്  മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു .
ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയോട് പേര് ചോദിച്ചതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത്. എംഎല്‍എ ആയാല്‍ എല്ലാവരും തിരിച്ചറിയണമെന്നൊക്കെ വാശി പിടിക്കുന്നത് അല്പത്തമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Tags