ആരാധനാലയങ്ങളിൽ കവർച്ച നടത്തിയ പയ്യന്നൂരിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

robbery
robbery

കണ്ണൂർ: ക്ഷേത്ര കവർച്ച ഉൾപ്പെടെ നടത്തിയകുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. പയ്യന്നൂർ കാനായി മുക്കൂട് സ്വദേശി തെക്കിൽ ബാബു (51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്. ഈക്കഴിഞ്ഞ ഏപ്രിൽ 15ന് രാത്രി പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങൾ കുത്തിതുറന്ന കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. 

ഒളിവിൽ കഴിയുന്നതിനിടെ ബുധനാഴ്ച്ച വൈകുന്നേരത്തോടെ തലശേരിയിൽ വെച്ചാണ് മോഷ്ടാവ് പോലീസ് പിടിയിലായത്.കഴിഞ്ഞമെയ് മാസത്തിൽ ചന്തേര കാലിക്കടവ് കരക്കക്കാവ് ക്ഷേത്രത്തിലും ജൂൺ മൂന്നിന് ചന്തേരചെമ്പകത്തറ മുത്തപ്പൻ ക്ഷേത്രത്തിലും കവർച്ച നടത്തിയ ഇയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്നും ചന്തേരപോലീസിന് ലഭിച്ചിരുന്നു. 

പയ്യന്നൂർ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പ്’ കൊഴുമ്മൽവരീക്കര ക്ഷേത്രത്തിലും രാമന്തളി താവൂരിയാട്ട്, മുച്ചിലോട്ട് ക്ഷേത്രം, എടാട്ട് പെരുമ്പുഴയച്ഛൻ ക്ഷേത്രത്തിലും ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്ന സംഭവത്തിലും ഇയാൾ സംശയത്തിൻ്റെ നിഴലിലായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൻ്റെ ഉപദേവാലയമായ ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിലും പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags