കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ പയ്യാമ്പലം പൊതു ശ്‌മശാനത്തിനെ ചൊല്ലി ബഹളം; അഴിമതി ആരോപണവുമായി പി.കെ രാഗേഷ്

kannur corporation
kannur corporation

കണ്ണൂർ: കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ പയ്യാമ്പലം വാതക ശ്‌മശാനത്തെ ചൊല്ലി ബഹളം. അജൻഡയ്ക്കു മുൻപെ പയ്യാമ്പലം ശ്മശാനത്തിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റ കോൺഗ്രസ് വിമതകൗൺസിലർ പി കെ രാഗേഷിനെ മേയർ തടഞ്ഞു. വാതക ശ്മശാനം സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപ ചിലവായെന്നു മേയർ പറഞ്ഞപ്പോൾ അതേക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ അനുവാദം നൽകാത്തതിൽ പള്ളിക്കുന്ന്‌ വാർഡിലെ പ്രതിപക്ഷത്തെ കൗൺസിലറായ വി കെ ഷൈജു പ്രതിഷേധിച്ചു.
കയ്യിലുണ്ടായിരുന്ന അജണ്ടയടങ്ങിയ പുസ്തകം മേയറുടെ ഡയസിന് മുകളിലിട്ടാണ് പ്രതിഷേധമറിയിച്ചത്. 

പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കുന്നത് വ്യാപകമായ അഴിമതിയാണെന്ന് പി.കെ രാഗേഷ് ആരോപിച്ചു. ഇതിനെതിരെ വിജിലൻസിൽ പരാതി നൽകുമെന്ന് രാഗേഷ് അറിയിച്ചു.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സർക്കാർ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിഹാര അദാലത്തിനെക്കുറിച്ച് വേണ്ട വിധം പബ്ലിസിറ്റി കോർപറേഷൻ നൽകുന്നില്ലെന്ന പ്രതിപക്ഷത്തെ ടി രവീന്ദ്രന്റെ ആരോപണത്തെ മുൻ മേയർ അഡ്വ: ടി ഒ മോഹനൻ വിമർശിച്ചു. 

corporation knr

നേരത്തെ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ജനസമ്പർക്ക പരിപാടി നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയിൽ ജനങ്ങൾ നൽകിയ പരാതികൾ കണ്ണൂർ കോർപറേഷനിലാണ് കിട്ടിയതെന്ന കാര്യം പ്രതിപക്ഷ കൗൺസിലർമാർ ഓർക്കണമെന്നും ടി ഒ മോഹനൻ പറഞ്ഞു. നവകേരള സദസ്സ് നടത്തിയ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴാണ് ജനങ്ങളുടെ മുഖം കണ്ടില്ലെന്ന്ഓർമ്മ വന്നതെന്നും അതുകൊണ്ടാണ് അടുത്ത ദിവസംതന്നെ ജനങ്ങളുടെ മുഖം കാണാൻ മുഖ്യമന്ത്രി മുഖാമുഖം പരിപാടിക്കിറങ്ങിയതെന്ന് കൗൺസിലർ കെ പി അബ്ദുൾ റസാഖ് പരിഹസിച്ചു. 

മന്ത്രി എം വി രാജേഷിന്റെ നേതൃത്വത്തിൽ അദാലത്ത് നടത്തുന്ന മുണ്ടയാട് സ്റ്റേഡിയത്തിന് ചുറ്റും കാട് കയറിയ നിലയിലാണെന്നും കാലത്ത് അവിടെ ശുചീകരണത്തിനെത്തിയ തങ്ങൾക്ക് ഉഗ്രവിഷമുള്ള അണലി പാമ്പിനെ തല്ലിക്കൊല്ലേണ്ടി വന്നുവെന്ന് കൗൺസിലർ ഷാഹിനപറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ പബ്ലിസിറ്റികളും കോർപറേഷന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മേയർ പറഞ്ഞു. പടന്ന വാഡിലെ ശുചീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളിയെ സസ്പെന്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ കൗൺസിലറുടെ ചോദ്യത്തിന് ഡെപ്യുട്ടി മേയർ വിശദമായി മറുപടി നൽകി. സുരേഷ് ബാബു എളയാവൂർ, എം പി രാജേഷ്, അഡ്വ: പി കെ അൻവർ ,പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു

Tags