കണ്ണൂർ മൈലാടത്തടം ശ്രീ ഇളം കരുമകൻ ക്ഷേത്രത്തിൽ നെയ്യമൃതുത്സവം തുടങ്ങി


അഴീക്കോട്: മൈലാടത്തടം ശ്രീ ഇളം കരുമകൻ ക്ഷേത്രത്തിൽ നെയ്യമൃതുത്സവമാരംഭിച്ചു. മൈലാടത്തടം മേപ്പാട് കളരി സ്ഥാനത്തു നിന്ന് വ്യാഴാഴ്ച്ച വൈകിട്ട് ചൂരൽ മുദ്രയണിഞ്ഞ വ്രതക്കാർ നെയ് നിറച്ച മുരുടകൾ ശിരസ്സിലേന്തി ഓംകാരം മുഴക്കി ക്ഷേത്രത്തിലേക്ക് കാൽനടയായി വാദ്യഘോഷത്തോടെ നീങ്ങി. സന്ധ്യക്ക് ശ്രീകോവിൽ നടയിൽ നെയ്യമൃത് സമർപ്പിച്ചു.
തുടർന്ന് ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയേടത്ത് ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നെയ്യാട്ടം. മേൽശാന്തി എടക്കാട്ടില്ലം പരമേശ്വരൻ നമ്പൂതിരിപ്പാട് സഹകാർമ്മികനായി.കേളോത്ത് ഇല്ലത്തു വീട്ടിൽ രാജൻ, പാറമ്മൽ കരുണൻ, പുത്തരിക്കൽ രാജേഷ്, കെ. രാജീവൻ, പുളുക്കൂൽ ബാബു , വണ്ണാരത്ത് യോഗാനന്ദൻ,കൈത്തല വരുൺ കുമാർ എന്നിവരാണ് ഇക്കുറി നെയ്യമൃത് എടുത്തത്.
നെയ്യാട്ട ശേഷം വ്രതം നോറ്റവർ അനുഷ്ഠാനപ്രകാരം കുഴിയടുപ്പിൽ ചാടി കനലാട്ടം നടത്തി. 27 ന് രാത്രി 9 ന്പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്തിന് എതിരേല്പ്, രാത്രി പത്തിന് നാട്ടറിവ് പാട്ട്, 28ന് പുലർച്ചെ തെയ്യം. കരിഞ്ചാമുണ്ഡി തിറ എന്നിവ നടക്കും. പാറമ്മൽ രമേശൻ പ്രസിഡൻ്റും വി.വി ബൈജു സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഉത്സവത്തിന് നേതൃത്വം നൽകുന്നത്.
