ചെറുപുഴയ്ക്ക് സ്വന്തം മേൽവിലാസമാകുന്നു; ഒന്നര കോടി ചെലവിൽ വരുന്നത് പുതിയ പോസ്റ്റ് ഓഫീസ്
കണ്ണൂർ: സ്വന്തമായി ഒരു പോസ്റ്റ് ഓഫീസെന്നത് കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയിലെ ജനങ്ങളുടെ ചിരകാല ആവശ്യങ്ങളിലൊന്നാണ്. മലയോരത്തെ ജനങ്ങൾ ഇതിനായി മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര മന്ത്രിമാർക്ക് വരെ നിവേദനം നൽകി കാത്തിരുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇവരുടെ കാത്തിരിപ്പിന് ഇപ്പോഴിതാ ആ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. അതിൻ്റെ ത്രില്ലിലാണ് മലയോരത്തെ കുടിയേറ്റ കർഷകരും ജനങ്ങളും.
ചെറുപുഴയിൽ പോസ്റ്റ് ഓഫീസിന് കെട്ടിടം പണി ഉടൻ ആരംഭിക്കുമെന്നാണ് ഇവർക്ക് ലഭിച്ച വിവരം. ഇത് സംബന്ധിച്ച പരിശോധനകൾക്കായി സിവിൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അമിത്കുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് ചെറുപുഴ സബ് പോസ്റ്റ് ഓഫീസിന് കെട്ടിടം നിർമ്മിക്കുവാൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് വില കൊടുത്തു വാങ്ങിയതാണീ 35 സെൻ്റ് സ്ഥലം.
എന്നാൽ കെട്ടിടം പണി മാത്രം നടന്നില്ല. ചെറുപുഴ ടൗണിൻ്റെ ഹൃദയ ഭാഗത്ത് കാടുപിടിച്ച് കിടക്കുകയായിരുന്ന ഈസ്ഥലം ജനങ്ങൾക്കു മുൻപിൽ നോക്കുകുത്തിയായി നിൽക്കുകയായിരുന്നു. കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന് നിരവധി തവണ നൽകിയ നിവേദനത്തെ തുടർന്ന് 2024 ഓഗസ്റ്റ് ഒന്നിന് കോഴിക്കോടുള്ള ഹാസ് കോൺ കൺസ്ട്രക്ഷൻ കമ്പനിയുമായി കരാർ ഉറപ്പിച്ചുവെന്നും 12 മാസത്തിനകം പണി പൂർത്തിയാക്കുമെന്നും പ്രാദേശിക ബിജെപി നേതാക്കളെ അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും മറ്റും കേന്ദ്രമന്ത്രി തലത്തിൽ വരെ നടത്തിയിരുന്നു. കെട്ടിടത്തിൻ്റെ പ്ലാൻ തയ്യാറായിക്കഴിഞ്ഞു. ഉടൻ തന്നെ കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്തെ മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പിന് അപേക്ഷ നൽകും. മരങ്ങൾ മുറിച്ച് മാറ്റി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും. എക്സിക്യൂട്ടീവ് എഞ്ചിനീയർക്കൊപ്പം അസിസ്റ്റൻ്റ് എഞ്ചിനീയർ വി.സി. റിഷാന്ത്, ജെ.ഐ. കെ.പി. ശ്രീജ എന്നിവരുമുണ്ടായിരുന്നു.
ഒന്നര കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഉൾപ്പെടെ നിരവധി ആനുകുല്യങ്ങളാണ് കർഷകർക്ക് പോസ്റ്റ് ഓഫിസിൽ നിന്നും ലഭിക്കേണ്ടത്. ഇപ്പോൾ പോസ്റ്റ് ഓഫിസ് താൽക്കാലികമായി പ്രവർത്തിക്കുന്നത് ഇടുങ്ങിയ സൗകര്യം കുറഞ്ഞ കെട്ടിടത്തിലാണ്. ഇതു ജനങ്ങൾക്ക് ഏറെ അസൗകര്യം നിറഞ്ഞതാണ്. സ്വന്തമായി പോസ്റ്റ് ഓഫിസ് കെട്ടിടം നിർമ്മിക്കുന്നത് മലയോര ജനതയെ സംബന്ധിച്ച് ആഹ്ളാദകരമാണ്. തങ്ങൾക്ക് സ്വന്തമായി ഒരു മേൽവിലാസം ലഭിക്കുമെന്ന ആത്മവിശ്വാസമാണ് ഇവർ പങ്കുവയ്ക്കുന്നത്.