കണ്ണപുരം സിഐ പ്രവര്‍ത്തിക്കുന്നത് സിപിഎം ഏജന്റായി: എന്‍. ഹരിദാസ്
കണ്ണൂര്‍: കണ്ണപുരം സിഐ സിപിഎം ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും പോലീസ് സ്റ്റേഷന്‍ സിപിഎം ഓഫീസ് ആക്കി മാറ്റുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ താമസിക്കുന്ന ബാബുമോനെ കണ്ണപുരം സിഐ ആയി നിയമിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരത്തിലുള്ള വഴിവിട്ട നീക്കം നടത്തിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് എന്നത് വ്യക്തമാണ്. സിപിഎം ഓഫീസുകളില്‍ കയറിച്ചെല്ലുന്ന പ്രതീതിയാണ് കണ്ണപുരം പോലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ഉണ്ടാവുന്നത്. സിപിഎം കുടുംബത്തിലുള്ള ബാബുമോന്‍ പോലീസ് സ്റ്റേഷനില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെടുന്നത് പോലെയാണ് പെരുമാറുന്നതും നടപടികൾ സ്വീകരിക്കുന്നതും. അതുകൊണ്ടുതന്നെ ന്യായമായ ആവശ്യങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വത്തിന് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടാണ് സിഐ സ്വീകരിക്കുന്നത്. ആരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാണ് ബാബുമോനെ സ്വന്തം വീടിനടുത്ത് തന്നെയുള്ള സ്റ്റേഷനില്‍ സിഐ ആയി നിയമനം നടത്തിയതെന്ന് ആഭ്യന്തര വകുപ്പാണ് വ്യക്തമാക്കേണ്ടത്. നിയമം നടപ്പിലാക്കുന്നതിന് പകരം സിപിഎം ഏജന്റ് ആയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിലപാടുകള്‍ ജനാധിപത്യ വിരുവിരുദ്ധമാണെന്നും എന്‍. ഹരിദാസ് ആരോപിച്ചു.