റിജിത്ത് വധക്കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു : എം വി ജയരാജൻ
![MV Jayarajan](https://keralaonlinenews.com/static/c1e/client/94744/uploaded/5dd12dc75c0003030d1ecbe2858d5773.jpg?width=823&height=431&resizemode=4)
![MV Jayarajan](https://keralaonlinenews.com/static/c1e/client/94744/uploaded/5dd12dc75c0003030d1ecbe2858d5773.jpg?width=382&height=200&resizemode=4)
കണ്ണൂർ : റിജിത്ത് വധക്കേസിലെ പ്രതികൾക്ക് കോടതി അർഹമായ ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. 2005 ഒക്‌ടോബർ മൂന്നിനാണ് കണ്ണപുരം ചുണ്ടയിലെ സിപിഐ എം പ്രവർത്തകൻ റിജിത്തിനെ ആർഎസ്‌എസ്-ബിജെപി സംഘം നിഷ്‌ഠുരമായി വെട്ടിക്കൊന്നത്.
സന്ധ്യയ്‌ക്കുശേഷം വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന മൂന്നുപേരെയും വെട്ടിപ്പരിക്കേൽപിച്ചു. പ്രൊഫഷണൽ കൊലയാളികളാണ് അക്രമം നടത്തിയത്. ഒറ്റക്കുത്തിന് ഹൃദയത്തിലേക്കു കത്തി കയറ്റാൻ പഠിച്ചവരായിരുന്നു കൊലയാളികൾ.
25 വയസുമാത്രം പ്രായമുള്ള ചെറുപ്പക്കാരനോടായിരുന്നു ഈ ക്രൂരത. സംഭവത്തിലെ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഐ എം അക്രമകാരികളുടെ പാർടിയാണെന്ന് ചിത്രീകരിക്കുന്നവർക്ക് ഇത്തരം ക്രൂരകൃത്യങ്ങളും കാണാൻ കഴിയണം.
കണ്ണൂർ ജില്ലയിൽ മാത്രം റിജിത്ത് ഉൾപ്പെടെ 176 കമ്യൂണിസ്‌റ്റ് പാർടി പ്രവർത്തകരെയാണ് രാഷ്‌ട്രീയ എതിരാളികൾ കൊലക്കത്തിക്കിരയാക്കിയത്. ഏറ്റവും കൂടുതൽ പ്രവർത്തകർ അക്രമിക്കപ്പെടുകയും കൊലക്കത്തിക്കിരയാകുകയും ചെയ്യുന്നത് തമസ്‌കരിച്ചാണ് കമ്യൂണിസ്‌റ്റ് വിരുദ്ധർ കള്ളപ്രചാരവേല സംഘടിപ്പിക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/Diamand-cement.jpg)