മാലിന്യസംസ്ക്കരണത്തിലെ അപാകത: ഷോപ്പിംഗ് കോംപ്ലക്സിന് പതിനായിരം രൂപ പിഴയിട്ടു
മുഴപ്പിലങ്ങാട്: മാലിന്യ സംസ്കരണത്തിലെ അപാകതകൾക്ക് ഷോപ്പിംഗ് കോപ്ലക്സിന് പിഴ ചുമത്തി. തദ്ദേശസ്വയം ഭരണവകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ആണ് മുഴപ്പിലങ്ങാട് കുളം ബസാറിലെ ഷാലിമാർ കോംപ്ലക്സിന് എതിരെ നടപടി സ്വീകരിച്ചത്. കെട്ടിടത്തിൻ്റെ പിറകുവശത്തും ഒന്നാം നിലയിലും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പടെ അലക്ഷ്യമായി തള്ളിയ നിലയിലായിരുന്നു.
കൂടാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തിൽ പ്ലോട്ടിൽ തന്നെയുള്ള വാടക വീടിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. കെട്ടിടങ്ങളുടെ ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തുന്നതിനും മാലിന്യം ഉടനടി നീക്കം ചെയ്യിക്കുന്നതിനും മുഴപ്പിലങ്ങാട് പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷരീകുൽ അൻസാർ, മുഴപ്പിലങ്ങാട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.തൃപ്ത എന്നിവർ പങ്കെടുത്തു.