മേയര്‍സ്ഥാനം കൈമാറിയിട്ടും അടങ്ങിയില്ല അധികാരമോഹം; കണ്ണൂര്‍ കോര്‍പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസുമായി പോരു തുടങ്ങി മുസ്‌ലിംലീഗ്

MuslimLeague

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍സ്ഥാനം പങ്കിടല്‍ തമ്മിലുളള കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം മുന്നണിയില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കപ്പെട്ടതിനു പിന്നാലെ സ്റ്റാന്‍ഡിങ് കമ്മിറ്റിസ്ഥാനത്തിനെ ചൊല്ലിയും യു,.ഡി. എഫില്‍ അതൃപ്തി പുകയുന്നു.  മേയര്‍സ്ഥാനംലഭിച്ചാല്‍ മാത്രം പോരാനിലവിലെ ഡെപ്യൂട്ടി മേയര്‍ കൈക്കാര്യം ചെയ്യുന്ന ധനകാര്യമുള്‍പ്പെടെ മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനങ്ങള്‍ തങ്ങള്‍ക്കു നിലനിര്‍ത്തികിട്ടണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ധനകാര്യത്തിന് പുറമേ നഗരസഭാസൂത്രണം, ക്ഷേമകാര്യം എന്നിവയാണ് നിലവില്‍ മുസ്‌ലിം ലീഗ് കൈവശംവെച്ചിരിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍. മേയര്‍സ്ഥാനം വച്ചുമാറാമെന്ന ധാരണ നടപ്പാക്കുമ്പോള്‍ മേയര്‍ സ്ഥാനത്തിന് പകരം കോണ്‍ഗ്രസിന് ഡെപ്യൂട്ടി മേയര്‍സ്ഥാനം ലീഗ് വിട്ടുനല്‍കണമെന്നാണ് ധാരണ. 

അങ്ങനെയാകുമ്പോള്‍ നിലവിലെ മൂന്ന് സ്റ്റാന്‍ഡിങ്  കമ്മിറ്റി കൂടെ വേണമെന്ന നിലപാടാണ് ഉന്നയിക്കുന്നത്. സ്ഥാനം പങ്കിടല്‍ ധാരണപ്രകാരം ടി.ഒ മോഹനന്‍ മേയര്‍സ്ഥാനം രാജിവയ്ക്കുകയും മുസ്‌ലിഹ്മഠത്തിലിനെ ലീഗ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍പറേഷന്‍  പാര്‍ലമെന്ററി പാര്‍ട്ടി യോഗം പൊതുമരാമത്ത്‌സ്റ്റാന്‍ഡിങ്  ചെയര്‍പേഴ്‌സണ്‍ പി. ഇന്ദിരയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. ഇന്ദിരയുടെ ഒഴിവില്‍ വി.കെ ശ്രീലതയെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതാണ് മുസ്‌ലിം ലീഗിനെ പ്രകോപിതരാക്കിയത്.

 സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനമെടത്തുവെന്നാണണ് മുസ്‌ലിം ലീഗ്ആരോപിക്കുന്നത്. മുസ്‌ലിംലീഗിന് മേയര്‍സ്ഥാനം കൈമാറുന്ന ഘട്ടത്തില്‍ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി  കൂടി നല്‍കാമെന്നു പറഞ്ഞതിനെ തുടര്‍ന്നാണ്  ആദ്യമേയര്‍ ഊഴം കോണ്‍ഗ്രസിന് വിട്ടുകൊടുത്തതെന്ന് ജില്ലാപ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു. അന്നു പറഞ്ഞതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. അതേ സമയം ഇതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. 

 എന്നാല്‍ മേയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനംപങ്കിടാമെന്നല്ലാതെ സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തില്‍ ഒരു ധാരണമുണ്ടായിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇരുപാര്‍ട്ടികളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നാല്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ വീണ്ടും കോണ്‍ഗ്രസ്-ലീഗ് പോര് മൂര്‍ച്ഛിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് നിലപാടില്‍ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറല്ലെങ്കില്‍ മേയര്‍സ്ഥാനത്തിന് പുറമേ രണ്ടു സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ കൊണ്ടു മുസ്‌ലിം ലീഗിന് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സൂചന.

Tags