തലശ്ശേരി കടൽപ്പാലത്തിനരികിൽ മാലിന്യം തള്ളിയതിന് പതിനായിരം രൂപ നഗരസഭാ അധികൃതർ പിഴയിട്ടു
തലശ്ശേരി: തലശ്ശേരി നഗരസഭാ പരിധിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കടല്‍പ്പാലത്ത് മാലിന്യം കടലിലേക്ക് നിക്ഷേപിച്ചതിന് റൊട്ടാ ബീച്ച് ക്ലബ് ചായ സ്‌പോട് എന്ന സ്ഥാപനത്തിന് നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ 10000 രൂപ പിഴയിട്ടു. മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ തെളിവ് സഹിതം ഹാജരാക്കുന്നവര്‍ക്ക് ഈടാക്കിയ പിഴയുടെ 25 ശതമാനം വരെ പാരിതോഷികം ലഭിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് അധികൃതര്‍ അറിയിച്ചു.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതും അജൈവമാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറേണ്ടതുമാണെന്ന് നഗര സഭാധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് നഗരസഭ സ്വീകരിച്ചു വരുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും,മറ്റ് സ്ഥാപനങ്ങളിലും ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍,ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവയുടെ ഉപയോഗത്തിനും നഗരസഭ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ തെളിവുസഹിതം പരാതി നല്‍കുവാന്‍ പൊതു വാട്‌സപ്പ് നമ്പര്‍ ആയ 9446700800 ലെ സേവനം ജനങ്ങള്‍ക്ക് ഉപയോഗിക്കാം.