മൊയാരത്ത് ശങ്കരൻ സ്‌മാരക പുരസ്ക്കാരം മുൻമന്ത്രി ഡോ.തോമസ് ഐസക്കിന് സമ്മാനിക്കും
കണ്ണൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന മൊയാരത്ത് ശങ്കരന്റെ പേരിലുള്ള ആറാമത് പുരസ്‌കാരം സാമ്പത്തിക വിദഗ്ധനും മുൻ മന്ത്രിയുമായ തോമസ് ഐസക്കിന് ജൂൺ 22 ന് നൽകുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസംവൈകീട്ട് നാലിന് കണ്ണൂർ എൻജിഒ ക്വാട്ടേഴ്‌സിന് സമീപമുള്ള മൊയാരത്ത് ശങ്കരൻ സ്‌മാരക ലൈബ്രറിയിലാണ് പരിപാടി.
ഇരുപതിനായിരം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന പുരസ്ക്കാരം നിയമസഭാ സ്പീക്കർ എഎൻ ഷംസീർ, തോമസ് ഐസക്കിന് നൽകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. പുരസ്കാര വിതരണ ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഐ നേതാവ് വെള്ളോറ രാജൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എം ബാലൻ തുടങ്ങിയവർ സംസാരിക്കും. മൊയാരത്ത് ശങ്കരൻ്റെ സ്‌മരണയ്ക്കായി മൊയാരത്ത് ശങ്കരൻ ഫൗണ്ടേഷനും മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറിയും ചേർന്നാണ് പുരസ്‌കാരം നൽകുന്നത്.
കേരളത്തിന്റെ സാമ്പത്തിക രംഗത്ത് തോമസ് ഐസക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. കേരളത്തിൻ്റെ ധനകാര്യ മന്ത്രി എന്നതിന് പുറമെ കുടുംബശ്രീ പ്രസ്ഥാനം രൂപീകരിച്ച് ലോകത്തിന് മാതൃകയായ നിരവധി പരിഷ്കാരങ്ങൾ കേരളീയ ജനജീവിതത്തിൽ കൊണ്ടു വരുവാൻ തോമസ് ഐസകിന് സാധിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ മൊയാരത്ത് ജനാർദ്ദനൻ, ലൈബ്രറി പ്രസിഡൻ്റ് പുല്ലായിക്കൊടി ചന്ദ്രൻ, സി.പി രാജൻ, പി.കെ ബൈജു, അഴീക്കോടൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.