പോളി ഹൗസിൽ കയറിയ കുരങ്ങിൻ കൂട്ടം ആറളം ഫാമിൽ നശിപ്പിച്ചത് മൂന്ന് ലക്ഷത്തോളം രൂപയുടെ നടീൽ വസ്തുക്കൾ
ഇരിട്ടി : കാട്ടാനശല്യം നിരന്തരം നാശം വിതക്കുന്ന ആറളം ഫാമിൽ ഇതിനു പിന്നാലെ വാനരക്കൂട്ടങ്ങളും പ്രതിസന്ധി തീർക്കുന്നു. കൂട്ടമായെത്തിയ വാനരക്കൂട്ടം കഴിഞ്ഞ ദിവസം ഫാം സെൻട്രൽ നേഴ്‌സറിയിൽ കയറി ലക്ഷങ്ങളുടെ നാശനഷ്ടമാണ് വരുത്തിയത്.
ഫാം സെൻട്രൽ നേഴ്‌സറിയിൽ പോളിഹൗസിൽ വിൽപ്പനക്ക് തയ്യാറാക്കിയ 4500 ഓളം അത്യുത്പ്പാദന ശേഷിയുള്ള ബഡ് കശുമാവിൻ തൈകളും 271 ഡബ്യു സി ടി കുറ്റ്യാടി തെങ്ങിൻ തൈകളും പൂർണ്ണമായും നശിപ്പിച്ചു. പോളി ഹൗസിനുള്ളിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷീറ്റ് വലിച്ചുകീറിയാണ് വാനരക്കൂട്ടം ഉള്ളിലേക്ക് പ്രവേശിച്ചത്.
വൈകിട്ട് തൊഴിലാളികളും ജീവനക്കാരുമെല്ലാം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സമയത്താണ് വാനരക്കൂട്ടമെത്തി നാശം വിതച്ചത്. അത്യുത്പ്പാദന ശേഷിയുള്ള പ്രിയങ്ക, കനക, സുലഭ ഇനത്തിൽപ്പെട്ട തൈകളാണ് നശിപ്പിച്ചത്.
പോളിത്തീൻ പാക്കറ്റുകൾ പൊട്ടിച്ചും തൈകൾ കടിച്ചു പറിച്ചും ചിറ്റാരിയിട്ട നിലയിലാണ്. 100രൂപയ്ക്ക് വില്പ്പനയ്ക്ക തെയ്യാറായ തെങ്ങിൻ തൈകളും വ്യാപകമായി നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നത്.
ആനകൾ തെങ്ങുകൾ കുത്തി വീഴ്ത്തുമ്പോൾ കുരങ്ങുകൾക്ക് പ്രിയം കരിക്കിൻകുലകൾ
ഒരുകാലത്ത് കുലകൾ തിങ്ങി കായ്ച്ചുനിൽകുന്ന തെങ്ങുകൾ ഫാമിന്റെ ആകർഷണങ്ങളിൽ ഒന്നായിരുന്നു. മുപ്പത്തിനായിരത്തിലേറെ വിവിധ തരത്തിലുള്ള അത്യുൽപ്പാദന ശേഷിയുള്ള തെങ്ങുകളാണ് കേന്ദ്രസർക്കാരിന്റെ കയ്യിലുണ്ടായിരുന്ന കാലത്ത് സെൻട്രൽ സ്റ്റേറ്റ് ഫാമിൽ വെച്ച് പിടിപ്പിച്ചിരുന്നത്. ആറളം ഫാമിന്റെ വരുമാനത്തിൽ മൂന്നിൽ രണ്ട് ഭാഗവും തെങ്ങിൽ നിന്നാണ് ലഭിച്ചിരുന്നത്.
ഫാമിന്റെ ഒന്നാം ബ്ലോക്കിന് സമീപത്തെ ഗോഡൗണിലെ വിശാലമായ മൈതാനം നിറയെഅന്ന് തേങ്ങകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ച തന്നെ മാനോഹരമായിരുന്നു. എന്നാൽ വെള്ളാനകളായ ഉദ്യോഗസ്ഥരുടെ നടപടികൾ മൂലം ഫാം ക്ഷയിക്കുകയും തുടർന്ന് ആദിവാസി പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരളാ സർക്കാർ ഏറ്റെടുക്കുകയും ചെയ്തതോട കാട്ടാനകളും കാട്ടുമൃഗങ്ങളുടെയും വിഹാര രംഗമായി ഫാം മാറുകയും ചെയ്തു.
ഇവിടെ പുനരധിവസിപ്പിച്ച ആദിവാസികളടക്കം പന്ത്രണ്ടോളം പേർ കാട്ടാന അക്രമത്തിൽ മാത്രം ഫാമിൽ മരിച്ചപ്പോൾ കൃഷിയിടങ്ങളും നാശത്തിലേക്ക് നീങ്ങി. അയ്യായിരത്തിലേറെ തെങ്ങുകൾ കാട്ടാനക്കൂട്ടങ്ങൾ കുത്തി വീഴ്ത്തി നശിപ്പിച്ചപ്പോൾ തെങ്ങുകളിൽ പൂങ്കുല വിരിഞ്ഞ് കരിക്കിൻ പ്രായമാകുമ്പോൾ തന്നെ കുരങ്ങുകൾ എത്തി നശിപ്പിക്കുന്നതും വ്യാപകമായി.
ഇതോടെ ഫാമിൽ അവശേഷിക്കുന്ന തെങ്ങുകളിൽ നിന്നുമുള്ള വരുമാനവും പാടേ നിലച്ചു. ആനമതിലും സോളാർവേലികളും മറ്റും സ്ഥാപിച്ച് കാട്ടാന ശല്യത്തിൽ നിന്നും ഫാമിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കുരങ്ങുകളെ എങ്ങനെ പ്രതിരോധിക്കും എന്നത് ചോദ്യചിഹ്നമായി നിൽക്കുകയാണ്.