ആയിക്കര ഹാർബറിൽ നിന്നും കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
കണ്ണൂർ: ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷംആയിക്കര ഹാർബറിൽനിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കൽ തീരത്തുനിന്നും അഞ്ച്നോട്ടിക്കൽ മൈൽ അകലെയായാണ് മത്സ്യ തൊഴിലാളികളെ കോസ്റ്റൽ പൊലീസും പരമ്പരാഗത ചെറുതൊഴിൽ മത്സ്യബന്ധന കമ്മിറ്റിയിലെ തൊഴിലാളികളും ചേർന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയത്.
ശരീരത്തിന്റെ ഒരു ഭാഗത്തിന് ഗുരുതരമായി പരുക്കേറ്റ ബോട്ടിന്റെ സ്രാങ്ക് മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ് (42) നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന വടകര സ്വദേശി കുര്യാക്കോസ്,കണ്ണൂരിലെ രജനീഷ് , ഒറീസ സ്വദേശി ശംഭു എന്നിവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
സർക്കാരിന്റെയും മത്സ്യ തൊഴിലാളികളുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് രക്ഷപ്പെട്ട മത്സ്യ തൊഴിലാളികൾ പറഞ്ഞു. വെള്ളിയാഴ്ച്ച ആറരയോടെയാണ് രക്ഷാപ്രവർത്തനവുമായി കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും അഴീക്കൽ തീരത്തു നിന്നും പുറപ്പെട്ടത്.