ആലക്കോട് വില്പനക്കായി സൂക്ഷിച്ച 53 കുപ്പി വിദേശമദ്യവുമായി മധ്യവയസ്ക്കൻ പിടിയിൽ
Jun 23, 2024, 10:17 IST
ആലക്കോട്: നടുവിൽ കൈതളത്ത് 53 കുപ്പി വിദേശമദ്യവുമായി മധ്യവയസ്ക്കൻ പിടിയിൽ. കൈതളം സ്വദേശി കുഴുമ്പിൽ വീട്ടിൽ തോമസ് കെ വിയാണ് പിടിയിലായത്. ഇയാളുടെ വീടിന്റെ മുൻവശത്ത് തെങ്ങിൻ കുഴിയിൽ സൂക്ഷിച്ചിരുന്ന 43 ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു.
ആലക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് മയ്യിലിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് ഇയാളെ പിടികൂടിയത്. രണ്ടാഴ്ചയോളമായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ തോമസ് ടി കെ, ബിജു വി വി , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷിബു സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ വി, സബീഷ് ഇ പി, വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ പി എന്നിവർ റൈഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.