മാതൃകാ മുഅല്ലിം അവാര്‍ഡിന് മൗലവി അബ്ദുസ്സമദ് മുട്ടത്തെ തെരഞ്ഞെടുത്തു

google news
muttam

കണ്ണൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മര്‍ഹൂം സി.കെ.എം. സ്വാദിഖ് മുസ്ലിയാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃക മുഅല്ലിം അവാര്‍ഡിന് മൗലവി അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍ അര്‍ഹനായി.

മൂന്നു പതിറ്റാണ്ടായി മദ്‌റസാ അധ്യാപനരംഗത്തും സമസ്തയുടെ പോഷക ഘടകങ്ങളുടെ നേതൃരംഗത്തും പ്രവര്‍ത്തിക്കുന്നയാളാണ് അബ്ദുസ്സമദ് മുട്ടം. കണ്ണൂര്‍ ജില്ലയിലെ മുട്ടം മഹല്ലിലെ പരേതനായ നാലകത്ത് ആലിക്കുഞ്ഞി  ഹാജി-ബാച്ചി സുലൈമാന്റകത്ത് സൈനബ ഹജ്ജുമ്മ ദമ്പതികളുടെ മകനായി 1974 മെയ് 5-ന് ജനിച്ച അദ്ദേഹം മുട്ടം
റഹ്മാനിയ്യ മദ്‌റസയില്‍ എട്ടാം തരം പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനം വെങ്ങര (മുട്ടം) മാപ്പിള യു.പി. സ്‌കൂളിലും, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌ക്കൂളിലും പ്രീഡിഗ്രി പഠനം തളിപ്പറമ്പ സര്‍സയ്യിദ് കോളേജിലും പൂര്‍ത്തിയാക്കി.

മുട്ടം ജുമാ മസ്ജിദ് ദര്‍സില്‍ മര്‍ഹും എ അഹ്മദ് മുസ്ല്യാര്‍ തൃക്കരിപ്പൂര്‍, എ.പി. മുഹമ്മദ് മുസ്ല്യാര്‍ മുണ്ടക്കല്‍, മാണിയൂര്‍ അബ്ദുല്ല ബാഖവി എന്നിവരുടെ ശിക്ഷണത്തി ദര്‍സ്പഠനം പൂര്‍ത്തീകരിച്ചു. 1990-ല്‍ മാടായി റെയ്ഞ്ചിലെ മുട്ടം റഹ്മാനിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയിലാണ് സമസ്ത ജില്ലാ മുശാവറ മെമ്പര്‍ മാണിയൂര്‍ അബ്ദുല്ല ബാഖവിയുടെ കീഴില്‍ ആദ്യമായി മദ്‌റസാ സേവനം ആരംഭിച്ചത്.

2005 മുതല്‍ മാടായി റെയ്ഞ്ചിലെ  പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ ജമാലിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍  സേവനം ചെയ്തു. 15 വര്‍ഷത്തിലധികമായി മാടായി റെയ്ഞ്ച്ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു .

കോലാച്ചിക്കണ്ടി ഖദീജ ഭാര്യയും കുമ്പള ഇമാം ശാഫി അക്കാദമി വിദ്യാത്ഥിനി മര്‍ജാന ഫാതിമ, മാണിയൂര്‍ പാറാല്‍ ബുസ്താനുല്‍ ഉലും അറബിക് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇബ്രാഹിം, പഴയങ്ങാടി ഫാറൂഖ് പള്ളി ജമാലിയ്യ മദ്റസ വിദ്യാത്ഥികളായ ആയിശ സുല്‍ത്താന , അബ്ദുല്ല അന്‍വര്‍ എന്നിവര്‍ മക്കളുമാണ്.  

എസ്.കെ. എസ്.  എസ്. എഫ്  സംസ്ഥാന സെക്രട്ടറി,ദീര്‍ഘകാലം ജില്ലാ ജനറല്‍ സെക്രട്ടറി, മാടായി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍,  എസ്.കെ. എസ്.ബി.വി ജില്ലാ കണ്‍വീനര്‍, മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ക്ഷേമനിധി ബോര്‍ഡ്  ഡെപ്യൂട്ടി ചെയര്‍മാന്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്,ജാമിഅ അസ് അദിയ്യ കോളേജ് സെക്രട്ടറി, വെങ്ങര രിഫാഈ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച് വരുന്നു.

  ഈ മാസം  28-ന് ബാംഗ്ലൂരില്‍വെച്ച് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക പ്രചരണ ഉത്ഘാടന സമ്മേളനത്തില്‍ വെച്ച് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ് സമ്മാനിക്കും. 25000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

Tags