ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള കള്ളക്കളി പുറത്തുവന്നപ്പോൾ ജയിൽ ഉദ്യോഗസ്ഥരെ ബലിയിടാക്കി സർക്കാർ മുഖം രക്ഷിക്കുന്നു; മാർട്ടിൻ ജോർജ്
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ്റെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള കള്ളക്കളി പുറത്തു വന്നപ്പോൾ ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം '.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ താല്‍കാലിക ചുമതല വഹിച്ച കെ.എസ്.ശ്രീജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്ത നടപടി തികച്ചും ബാലിശമാണ് . പ്രതിപക്ഷം നിയമസഭയില്‍ സബ് മിഷനായി ഉന്നയിക്കുന്നതിന്റെ തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്പെന്‍ഷന്‍ വിവരം പുറത്തുവിട്ടത് നാടകമാണ്.
ഇരുപത് വര്‍ഷത്തേക്ക് ശിക്ഷാ ഇളവിന് പരിഗണിക്കുക പോലും ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട കൊലയാളികളെ ശിക്ഷാ ഇളവിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉൾപ്പെടുത്തിയത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്. സംഭവം വിവാദമായപ്പോൾ കുറ്റം മുഴുവന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ്. ആഭ്യന്തര വകുപ്പ് തയാറാക്കിയ മാനദണ്ഡ പ്രകാരമാണ് നടപടിയെന്ന് ജയിലധികാരികൾ രേഖാമൂലം മറുപടി നല്‍കിയതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്.
ശിക്ഷാ ഇളവിനുള്ള പട്ടിക ആദ്യം തയാറാക്കിയത് 2023 ജനുവരി 30നും രണ്ടാമത് തയാറാക്കിയത് 2024 മെയ് 30നുമാണ്. ഇതില്‍ ഏത് സമയത്താണ് ടി.പി കേസ് കുറ്റവാളികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കാതെ ജൂണ്‍ ഒന്നുമുതല്‍ മാത്രം താല്‍കാലിക ചുമതല വഹിച്ച സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നുംമാർട്ടിൻ ജോർജ് പറഞ്ഞു.