മനുതോമസിന്റെ പുറത്ത് പോകല്‍ സിപിഎം തെറ്റ് തിരുത്താന്‍ തയ്യാറല്ലെന്നതിന് തെളിവെന്ന് എന്‍. ഹരിദാസ്
കണ്ണൂര്‍: സിപിഎം നേതൃത്വം ഇനിയും തെറ്റ് തിരുത്താന്‍ തയ്യാറല്ലെന്നതിനുള്ള തെളിവാണ് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനുതോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിലൂടെ വെളിവായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് സംഘവുമായി ചില സിപിഎം ഉന്നതര്‍ക്ക് ബന്ധമുണ്ട്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കെതിരെയാണ് മനുതോമസ് ആരോപണമുന്നയിച്ചത്.
അത് ഗൗരവമായി പരിഗണിക്കുന്നതിന് പകരം ആരോപണവിധേയരായവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി നേതൃത്വം തയ്യാറായത്. പല നേതാക്കളും ഇപ്പോഴും തെറ്റ് തിരുത്താന്‍ തയ്യാറായിട്ടില്ല. ഡിവൈഎഫ്‌ഐയുടെ സമുന്നതനായ നേതാവായിരുന്നു മനു തോമസ്. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമായി എടുക്കേണ്ട ആവശ്യമില്ല. സ്വന്തം പാര്‍ട്ടിയുടെ തെറ്റ് തിരുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അദ്ദേഹത്തിന്റെ നിലപാടുകളെ എഴുതിത്തള്ളാന്‍ സാധിക്കില്ല. എന്നാല്‍ പാര്‍ട്ടി നേതൃത്വം തെറ്റ്തിരുത്താതെ ആരോപണമുന്നയിച്ചവരെ പുറത്താക്കുകയാണ് ചെയ്തത്. ആരോപണ വിധേയര്‍ പാര്‍ട്ടിക്കകത്ത് സ്ഥാനമാനങ്ങള്‍ നേടുമ്പോള്‍ നേതൃത്വത്തിന്റെ വഴിപിഴച്ച പോക്ക് ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ നിലപാടെടുക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.