മുത്തപ്പൻ വെള്ളാട്ടത്തിന് കൂലി കുറച്ചു വാങ്ങണമെന്ന തീയ്യ ക്ഷേമ സഭയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് മണ്ണാൻ -വണ്ണാൻ സമുദായ സംഘം ഭാരവാഹികൾ
കണ്ണൂർ: ഇരിണാവ് ഭാഗത്തെ വീടുകളിൽ മുത്തപ്പൻ വെള്ളാട്ടത്തിന് വാങ്ങുന്ന കോള് പണം (കൂലി) നിലവിൽ വാങ്ങിക്കൊണ്ടിരിക്കുന്നതിൽ നിന്നും വളരെയേറെ കുറച്ച് വാങ്ങിക്കൊളളണമെന്ന തീയ്യക്ഷേമ സഭയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മണ്ണാൻ -വണ്ണാൻ സമുദായ സംഘം-എംവിഎസ്എസ് - ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓരോ പ്രദേശത്തും വ്യത്യസ്‌തമായ തരത്തിലാണ് കോള് വാങ്ങികൊണ്ടിരിക്കുന്നത്. അതുകൊണ്ട് നിലവിലെ രീതി തന്നെ തുടരണമെന്നാണ് തങ്ങളുടെ ആവശ്യം.മടക്കരയിൽ കഴിഞ്ഞ മാസം വണ്ണാൻ സമുദായത്തേയും, മലയൻ സമുദായത്തേയും ഒഴിവാക്കി ഇതര സമുദായത്തിൽപ്പെട്ടവരെ കൊണ്ട് മുത്തപ്പൻ കെട്ടിയാടിക്കുകയും തീയ്യ സമുദായത്തിൽപ്പെട്ടവർ ചെണ്ടകൊട്ടുകയും ചെയ്തു.
തീയ്യസമുദായത്തിൽപ്പെട്ടവർ വാദ്യം കൈകാര്യം ചെയ്തത് ആചാര ലംഘനമാണ്. പാരമ്പര്യ തൊഴിൽ എടുത്ത് ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത്. ഇത്തരം കൈയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സുരേന്ദ്രൻ കോവൂർ, ജില്ലാ ജോ.സെ ശശിധരൻ പൂമംഗലം, ജില്ലാ കൺവീനർ മനോജ് പെരുവണ്ണാൻ, ശശി പെരുവണ്ണാൻ, ശിവൻ പിപ്പിനിശ്ശേരി എന്നിവർ പങ്കെടുത്തു.