മണിക്കൽ പാലം ഇരുട്ടിൽ; ടൂറിസം സാധ്യതകൾ മങ്ങുന്നു

With Manikal Bridge in darkness, tourism prospects are fading
With Manikal Bridge in darkness, tourism prospects are fading

തളിപറമ്പ് : എരുവാട്ടിയിലെമണിക്കല്‍ പാലം ഇരുട്ടിലായത് യാത്രക്കാർക്ക് ദുരിതമാകുന്നു. പാലത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ കളവുപോയതോടെ പാലത്തിലൂടെയുള്ള യാത്ര ഒരു വര്‍ഷത്തിലേറെയായി ഇരുട്ടിലാണ്.10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം 2017 മാര്‍ച്ച് 23 നാണ് ഉദ്ഘാടനം ചെയ്തത്.
എരുവാട്ടി-മണിക്കല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് എരുവാട്ടി പുഴക്ക് കുറുടെയാണ് പാലം പണിതത്.മലയോരത്തെ ആറു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു നേരിട്ട് ഉപകാരപ്പെടുന്ന രീതിയിലാണു പാലം നിര്‍മിച്ചത്.

പഴയങ്ങാടി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍, ഏഴിമല നാവിക അക്കാദമി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കു മലയോരത്തു നിന്നു എളുപ്പത്തില്‍ എത്താനാകും.പാലം വന്നതോടെ തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ നിന്നു മീമ്പറ്റി, തടിക്കടവ് വഴി മണിക്കലിലേക്ക് പോകാനാവും
180 മീറ്റര്‍ നീളത്തില്‍ ആറു സ്പാനുകളിലായി നിര്‍മിച്ചിരിക്കുന്ന പാലത്തില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ എട്ടു മീറ്ററും ഇരു വശങ്ങളിലുമായി ഒന്നര മീറ്റര്‍ നടപ്പാതയും നിര്‍മിച്ചിരുന്നു.ചപ്പാരപ്പടവ് പഞ്ചായത്തില്‍ പ്രകൃതിസുന്ദരമായ ദൃശ്യങ്ങള്‍ നിറഞ്ഞ പാലത്തിലും പരിസരങ്ങളിലും ഫോട്ടോഷൂട്ടിനായും വൈകുന്നേരങ്ങളില്‍ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും നിരവധിപേര്‍ എത്തിച്ചേരുന്നുണ്ട്.

എന്നാല്‍ സന്ധ്യയാവുന്നതോടെ ഇരുട്ട് മൂടുന്ന പാലത്തിലും പരിസരത്തും സമൂഹവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചിരിക്കയാണ്.
പാലത്തില്‍ വൈദ്യുതവിളക്കുകള്‍ ഏര്‍പ്പെടുത്തിയാല്‍ ടൂറിസം സാധ്യത ഏറെയാണെന്ന് ഇത് സംബന്ധിച്ച് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മുമ്പാകെ വിഷയാവതരണം നടത്തിയ ആം ആദ്മി പാര്‍ട്ടി   ജില്ലാ കൗണ്‍സില്‍ അംഗം സാനിച്ചന്‍ മാത്യു മേനോലിക്കല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags