കണ്ണൂരിൽ മദ്രസാ വിദ്യാര്‍ത്ഥിയെ അധ്യാപകൻ ക്രൂരമായി മര്‍ദ്ദിച്ച കേസ് : കൂത്തുപറമ്പ് പൊലിസ് അന്വേഷണമാരംഭിച്ചു
കൂത്തുപറമ്പ് : കൂത്തുപറമ്പ് കിണവക്കലിലെ മതപഠന കേന്ദ്രത്തിൽ വിഴിഞ്ഞം സ്വദേശിയായ വിദ്യാർഥിക്ക് ക്രൂരമർദനമേറ്റ കേസ് കൂത്തുപറമ്പ് പൊലിസിന് കൈമാറും.
ഇതു സമ്പന്ധിച്ച് വിഴിഞ്ഞം പൊലീസ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് കൈമാറി. വിഴിഞ്ഞം ടൗൺഷിപ് ഹൗസ് നമ്പർ 269ൽ പരേതരായ ഉസൈൻകണ്ണ് സൽമത്തുബീവി ദമ്പതിമാരുടെ ഇളയമകൻ അജ്‌മൽഖാനാ (23) ണ് മർദനമേറ്റ് ആശുപത്രിയിലുള്ളത്.
റിപ്പോർട്ട് കൂത്തുപറമ്പ് പൊലീസിന് കൈമാറും.
മതപഠന വിദ്യാർഥിയെ ഇസ്‌തിരിപ്പെട്ടി ചൂടാക്കി സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പൊള്ളിച്ചു. പ്ലയർ ഉപയോഗിച്ച് മൂക്കിലും ചെവിയിലും വലിച്ച് പീഡിപ്പിച്ചു. ഓടി രക്ഷപ്പെട്ട വിദ്യാർഥി സമീപത്തെ പള്ളിയിൽ അഭയം തേടുകയായിരുന്നു. ബന്ധുക്കളെത്തിയാണ് വിഴിഞ്ഞത്ത് എത്തിച്ചത്.
അജ്‌മൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. കൂത്തുപറമ്പ് കിണവക്കലിലെ ഇഷ് അത് ഉലൂം ദർസിലെ ഉസ്താദ് ഉമർ അഷറഫിയാണ് അജ്‌മലിനെ ക്രൂരമർദനത്തിനിരയാക്കിയത്. ഇയാൾക്കെതിരെ വിഴിഞ്ഞം പൊലീസ് വധശ്രമത്തിനാണ് കേസെടുത്തത്. അജ്‌മലിന്റെ ബന്ധുക്കൾ മനുഷ്യാവകാശ കമീഷന് പരാതി നൽകി.
ഉമർ അഷറഫിയെ കൂത്തുപറമ്പ് പൊലീസ് വിളിപ്പിച്ചു പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. മാസങ്ങളോളം തുടർന്ന പീഡനം കഴിഞ്ഞ ദിവസങ്ങളിലാണ് ബന്ധുക്കൾ അറിയുന്നത്. നാലുമാസം മുൻപാണ് അജ്‌മൽ ഇവിടെ പഠിക്കാനായി എത്തുന്നത്. സഹോദരനും ഇവിടെ പഠിക്കുന്നുണ്ട്. ആദ്യ രണ്ടു മാസങ്ങളിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു.
തുടക്കത്തിൽ തമാശ രൂപേണയുള്ള മർദനം ആയിരുന്നു. ദിവസം കഴിയും തോറും രൂക്ഷമായ മർദനമുറകളിലേക്ക് മാറി. വിവരം പുറത്ത് ചിലരോട് പങ്കുവച്ചതോടെ കൊടിയ മർദനമായി. അതിക്രൂരമായി ഉപദ്രവിച്ചശേഷം ഉമർ അഷ്‌റഫി തന്നെ മരുന്ന് വച്ചിരുന്നതായി അജ്മൽ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. തുടർന്ന് എല്ലാവരും ഉറങ്ങിയശേഷം അർധരാത്രി മതപാഠശാലയിൽനിന്ന് രക്ഷപ്പെട്ട് സമീപത്തെ പള്ളിയിലെത്തിയാണ് അജ്‌മൽ വിവരം അറിയിച്ചത്. അവർ സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചതോടെ വിഴിഞ്ഞത്തു നിന്ന് സഹോദരൻ നൗഫലെത്തി അജ്മലിനെ നാട്ടിലേക്ക് കൂട്ടി. അജ്‌മലിന്റെ മൊബൈൽഫോൺ സ്ഥാപന അധികൃതരുടെ കൈവശമായിരുന്നു.
അന്വേഷണം തുടങ്ങി സംഭവത്തിൽ വിഴിഞ്ഞം പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ സ്വകാര്യവ്യക്തി നടത്തുന്ന മതപഠന കേന്ദ്രത്തിന് സമസ്തയുമായോ കിണവക്കൽ മഹല്ല് കമ്മറ്റിയുമായോ ഒരു ബന്ധവുമില്ലെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു.