വായ്‌പ്പാ തട്ടിപ്പ്, കണ്ണൂർ അയ്യൻകുന്ന് വനിതാ കോ - ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ

Loan fraud Kannur Ayyankunn Womens Co operative Society secretary on remand
Loan fraud Kannur Ayyankunn Womens Co operative Society secretary on remand
9 മാസം മുൻപ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഡ്മമിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നൽകിയിരുന്നു.

ഇരിട്ടി:  ഇരിട്ടി അങ്ങാടിക്കടവ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന  അയ്യൻകുന്ന് വനിതാ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിച്ചു 1.5 കോടി രൂപയോളം വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീലയെയാണ് കരിക്കോട്ടക്കരി എസ്എച്ച്‌ഒ കെ.ജെ. വിനോയ് അറസ്‌റ്റ് ചെയ്‌തത്‌. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ലീലയെ  20 വരെ റിമാൻഡ് ചെയ്ത്  കണ്ണൂർ വനിതാ ജയിലിലേക്ക് അയച്ചു. 

രണ്ടുപരാതികളിലാണ് ഇവർക്കെതിരെ  നടപടി ഉണ്ടായത്.  തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ 50000 രൂപ സഹകരണ സംഘത്തിൽ നിന്നും വായ്‌പ എടുത്തിട്ടുള്ളതായി ഒരു വ്യക്‌തി നൽകിയ പരാതിയിലും അംഗങ്ങൾ അറിയാതെ അര ലക്ഷം രൂപ വീതം വായ്‌പ നൽകിയതായി രേഖകളുണ്ടാക്കിയും നിക്ഷേപങ്ങളിലും മറ്റും തിരിമറി നടത്തിയും 1.5 കോടി രൂപയോളം തട്ടിയതായി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നൽകിയ പരാതിയിലുമാണ്  കരിക്കോട്ടക്കരി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നത്.

ഈ കേസുകളിൽ പി.കെ. ലീല നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോതി തള്ളുകയും അന്വേഷണ ഉദ്യോഗസ്‌ഥന്  മുൻപാകെ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച്  കരിക്കോട്ടക്കരി സ്‌റ്റേഷനിൽ ഇവർ എത്തിയപ്പോഴായിരുന്നു അറസ്റ്റ് നടന്നത് .   

9 മാസം മുൻപ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഡ്മമിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നൽകിയിരുന്നു. അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സെക്രട്ടറി പി.കെ. ലീലയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. 

കമ്പിനിരത്ത് പ്രദേശത്തുള്ള നിരവധി പേരുടെ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ക്രമക്കേട് നടത്തിയതായാണ് പരാതി ഇത്തരം അക്കൗണ്ട് ഉടമകളുടെ പേരിൽ തന്നെ പരസ്‌പരം വായ്‌പ ജാമ്യവും കാണിച്ചെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പിനെ തുടർന്നു നിരവധി നിക്ഷേപകർക്കും പണം നഷ്‌ടപ്പെട്ടതായും പരാതിയുണ്ട്. ഇതിനെ കുറിച്ചും പൊലിസ് അന്വേഷണം നടത്തിവരികയാണ്'

Tags