അഭിഭാഷകരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് തലശ്ശേരിയില്‍

google news
Cricket

തലശ്ശേരി: അഭിഭാഷകര്‍ക്കിടയില്‍ സാഹോദര്യം കെട്ടിപ്പടുക്കുന്നതിന് തലശ്ശേരി ജില്ല കോടതി ബാര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ബാര്‍ അസോസിയേഷനുകള്‍ പങ്കെടുക്കുന്ന ഒന്നാമത് സൗത്ത് ഇന്ത്യന്‍ ലീഗല്‍ ഫ്രറ്റേണിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്-2024 നാളെ തലശ്ശേരി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള 12 ബാര്‍ അസോസിയേഷനുകള്‍  ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

നാലു പൂളായി ക്രമീകരിച്ച മത്സരത്തില്‍ ഓരോ പൂളിലും മൂന്ന് വീതം ടീമുകള്‍ ഏറ്റുമുട്ടും. ഇതില്‍ നിന്നും പൂള്‍ വിന്നര്‍ ആകുന്ന ഓരോ ടീമും സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. ടൂര്‍ണമെന്റിലെ ചാമ്പ്യന്മാര്‍ക്ക് വി. ബാലന്‍ വക്കീല്‍ എവര്‍ റോളിങ് ട്രോഫിയും 20,000 രൂപയും സമ്മാനമായി നല്‍കും. റണ്ണറപ്പാവുന്ന ടീമിന് മഹേശ്വരന്‍ നമ്പൂതിരിപ്പാട് സ്മാരക ട്രോഫിയും 10,000 രൂപയും നല്‍കും. സെമി ഫൈനലിസ്റ്റുകാര്‍ക്ക് അഡ്വ.അബ്ദുറഹ്‌മാന്‍ സ്മാരക ട്രോഫിയും 3000 രൂപയും സമ്മാനിക്കും.

തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് രാവിലെ ഒമ്പതിന് ഉദ്ഘാടനം നിര്‍വഹിക്കും. കേരള ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍, തലശ്ശേരി ജില്ല കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ. എ. സജീവന്‍, സെക്രട്ടറി അഡ്വ.ജി.പി. ഗോപാലകൃഷ്ണന്‍, മാനേജിങ് കമ്മിറ്റി അംഗം അഡ്വ.എസ്. രാഹുല്‍, ബാര്‍ അസോസിയേഷന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പി. നിധീഷ് എന്നിവര്‍ പങ്കെടുത്തു.

Tags