അഭിഭാഷകൻ്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവർ ഓഫ് അറ്റോർണിയുണ്ടാക്കി സ്ഥലം വിൽപ്പന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
കണ്ണൂർ: അഭിഭാഷകന്‍റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവർ ഓഫ് അറ്റോർണി വ്യാജമായുണ്ടാക്കി സ്ഥലം വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉളിയിൽ സ്വദേശി കുരുക്കളെവീട്ടിൽ മായനെയാണ്(57) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അഡ്വ. സി.കെ. രത്നാകരന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
2023 ഡിസംബർ 12 നാണ് സംഭവം. ഇരിട്ടി താലുക്കിലെ ഉളിയിൽ എന്ന സ്ഥലത്തെ 0.1872 ഹെക്ടർ ഭൂമി വിൽപന നടത്തുന്നതിനായാണ് വ്യാജ പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയത്. അഡ്വ.സി.കെ. രത്നാകരന്‍റെ രജിസ്ട്രേഷൻ നമ്പറും സീലും ഉപയോഗിച്ച് കൃത്രിമ ഒപ്പിട്ട് നോട്ടറി അറ്റസ്റ്റ് ചെയ്തതായി കാണിച്ചു. തുടർന്ന് പവർ ഓഫ് അറ്റോർണി അസ്സൽ എന്ന രീതിയിൽ ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് രേഖ വ്യാജമായി രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.