അഞ്ജന ശശിയുടെ പോരാട്ടത്തിന് പിന്തുണ : നൽകുമെന്ന് കെ.യു.ഡബ്ള്യു.ജെ
കണ്ണൂർ : കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകയുമായ അഞ്ജന ശശിക്ക് മാതൃഭൂമിയിൽ നിന്നും രാജി വയ്ക്കേണ്ടി വന്ന സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് കേരള പത്ര പ്രവർത്തക യൂണിയൻ കാണുന്നത്.
പത്രപ്രവർത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും തൻ്റെ സ്ത്രീത്വത്തേയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നതും വിവേചനപരവുമായ പ്രവർത്തികൾ നിരന്തരം നേരിടേണ്ടി വന്നതു കൊണ്ടാണ് അഞ്ജന പ്രതിഷേധിച്ച് രാജി നൽകിയത്.
എച്ച് ആർ സീനിയർ ജനറൽ മാനേജർ ജി. ആനന്ദിൻ്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത മാനസിക പീഡനവും വിവേചന നിലപാടും ഭീഷണിയും മാനേജ്മെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം കാണാൻ തയ്യാറായില്ല.
കേരളത്തിലെ മാധ്യമപ്രവർത്തകരുടെ ആകെയും ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള മാതൃഭൂമിയുടെയും അന്തസ് ഉയർത്തി പിടിക്കുന്ന കർശന തിരുത്തൽ നടപടിക്ക് മാനേജ്മെൻ്റ് തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെടുന്നു.
ഈ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനായുള്ള അഞ്ജന ശശിയുടെ പോരാട്ടത്തിന് യൂണിയൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.