നല്ല പെട പെടക്കണ മീൻ കുടുംബശ്രീ വീട്ടിലെത്തിക്കും
കണ്ണൂർ: മായം കലരാത്ത ഏറ്റവും നല്ല മത്സ്യങ്ങള്‍ വീടുകളിൽ എത്തിക്കാൻ പദ്ധതിയുമായി കുടുംബശ്രീ. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെ മത്സ്യ വിപണന രംഗത്ത് മത്സ്യ ഫെഡുമായി സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി ആവിഷ്കരിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഒരു വാർഡില്‍ ഒരു മത്സ്യ വിപണന കേന്ദ്രം തുടങ്ങാനും തുടർന്ന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുമാണ് ലക്ഷ്യം.
ഗ്രൂപ്പ് സംരംഭവും വ്യക്തിഗത സംരംഭവും ആകാം. രജിസ്റ്റർ ചെയ്ത സംരംഭകർക്ക് മത്സ്യം ഹാർബറില്‍ നിന്ന് മത്സ്യഫെഡ് എത്തിച്ചു നല്‍കും. പദ്ധതിയുടെ ഭാഗമായി മത്സ്യ വിപണനം നടത്തുന്നത്തിന് ഇരുചക്ര വാഹനം വാങ്ങുന്നതിനായി 70,000 രൂപ കുടുംബശ്രി വായ്പയും അനുവദിക്കും.
എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും നിശ്ചിത സംരംഭങ്ങള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ സംരംഭം നടപ്പിലാക്കാനുള്ള അംഗീകാരവും കുടുംബശ്രീ നല്‍കും. ഇതിനായുള്ള സംരംഭങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മായം കലരാത്ത വിഷരഹിതമായ മത്സ്യങ്ങൾ വീടുകളിലെത്തിക്കുകയും നല്ല ആരോഗ്യ ജീവിതം ജനങ്ങളിൽ നിലനിർത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.