ജില്ലയിൽ എസ് എഫ് ഐ അക്രമത്തിന് കോപ്പ് കൂട്ടുന്നു :കെ എസ് യു
കണ്ണൂർ: ജില്ലയിൽ എസ് എഫ് ഐ അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണെന്ന് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. കണ്ണൂർ ഐ ടി ഐ ഒന്നാം വർഷ ഡി- സിവിൽ വിദ്യാർത്ഥി ദേവകുമാർ പിയെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അനുനന്ദ് ശശീന്ദ്രന്റെ നേതൃത്വത്തിൽ പോളി ടെക്‌നിക്കിൽ നിന്നും പുറത്ത് നിന്നും സംഘടിച്ചെത്തിയ എസ് എഫ് ഐ പ്രവർത്തകർ ഇരുമ്പ് വടികൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച സഭാവത്തിലാണ് പ്രതികരണം. ദേവകുമാർ പിയെ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂർ എസ് എൻ കോളേജിലെ കെ എസ് യു വിദ്യാർത്ഥികളെ ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ സംഘടിച്ചെത്തിയ എസ് എഫ് ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവം തുടരെ തുടരെ ജില്ലയിൽ അക്രമങ്ങൾക്ക് കോപ്പ് കൂട്ടുന്ന എസ് എഫ് ഐ യുടെ ശ്രമത്തിന് തെളിവാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.
വിദ്യാർത്ഥികളെ പഠിക്കാൻ പോലും അനുവദിക്കാതെ നിരന്തരമായി അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എസ് എഫ് ഐ സമീപനത്തിൽ പ്രതിഷേധിച്ച് കെ എസ് യു കണ്ണൂർ ഐ ടി ഐ യിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ അറിയിച്ചു.