പ്രശസ്ത ഗായിക കെ എസ് ചിത്ര കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി
Oct 5, 2024, 16:26 IST
കണ്ണൂർ: ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്ര മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാവിലെ 11.30 യോടെയാണ് ഭർത്താവ് വിജയ്ശങ്കറിനോടൊപ്പം ചിത്ര ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എ കെ മനോഹരന്റെ നേതൃത്വത്തിലുള്ള ക്ഷേത്രം ജീവനക്കാർ ചിത്രയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
പ്രിയ ഗായികയെ കാണാനായി നിരവധിപ്പേരാണ് ക്ഷേത്രത്തിലെത്തിയത്. ദേവിയ്ക്ക് സംഗീതാർച്ചനയും നടത്തിയ ചിത്ര ഒരു മണിക്കൂറിലധികം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
കഴിഞ്ഞ ദിവസം ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലും മാങ്ങാട്ടുപറമ്പ് നീലിയാർ കോട്ടത്തിലും ചിത്ര ദർശനം നടത്തിയിരുന്നു .