കൊട്ടില ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി

kottila.jpg

തളിപ്പറമ്പ്: കൊട്ടില ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. രാവിലെ 6 മണിക്ക് ഇരിങ്ങൽ ശ്രീ ശിവക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവന്നു. തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂരില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മഹനീയ കാർമ്മികത്വത്തിൽ താന്ത്രികർമ്മങ്ങൾ നടന്നു. രാവിലെ 11 മണിക്ക് ആരൂഢ ബ്രഹ്മാലയമായ മാടത്തിൽ മല്ലിശ്ശേരി ഇല്ലത്ത് കെടാവിളക്ക് തെളിയിക്കുന്നതോടെ കളിയാട്ടം സമാരംഭിക്കും. 3 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം നടക്കും. തുടർന്ന് അരങ്ങിലടിയന്തിരത്തിന് ശേഷം മാടത്തിൽ മല്ലിശ്ശേരി ഇല്ലത്തേക്കും അടുക്കളയിലേക്കും എഴുന്നള്ളത്ത് നടക്കും.

വൈകുന്നേരം തൽസ്വരൂപം ദൈവത്തിന്റെയും പുലിക്കണ്ടൻ ദൈവത്തിന്റെയും വെള്ളാട്ടം ഉണ്ടാകും. 7 മണിക്ക് സാംസ്ക്കാരിക സമ്മേളനം കേരള ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ അരങ്ങേറും. തുടർന്ന് അന്നദാനം ഉണ്ടായിരിക്കും. രാത്രി മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം , അരങ്ങിലടിയന്തിരം, മൂവർ തോറ്റങ്ങൾ എന്നിവ നടക്കും.

kottila muchilottu

കളിയാട്ടത്തോടനുബന്ധിച്ച് ബുധനാഴ്ച കണ്ണോം ശ്രീ വയത്തൂർകാലിയാർ ശിവക്ഷേത്രത്തിൽ നിന്നും വർണ്ണശബളമായ ഘോഷയാത്ര നടന്നു. കൊട്ടില ശ്രീവേട്ടക്കൊരുമകൻ ക്ഷേത്ര കോൽക്കളി സംഘത്തിന്റെ കോൽക്കളിയും വിവിധക്ഷേത്രങ്ങളിലെ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യയും അരങ്ങേറി. ഞായറാഴ്ച ഉച്ചക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരും. എം.വി.ഗോവിന്ദൻ മാസ്റ്റർ ചെയർമാനും പി .വി.ബാലകൃഷ്ണൻ മാസ്റ്റർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.