നീലേശ്വരത്ത് പട്ടാപ്പകൽ വീട് കുത്തിതുറന്ന് പതിനേഴര പവനും പണവും കവർന്ന കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട് : നിലേശ്വരത്ത് പട്ടാപ്പകൽ വീടുകുത്തിതുറന്ന് പതിനേഴരപവൻ്റെ ആഭരണങ്ങളും 8,000 രൂപയും കവർന്ന യുവാവ് പിടിയിൽ. കൊട്ടാരക്കര ഏഴു കോൺഇടക്കിടം അഭിവിഹാറിൽ അഭിരാജിനെ (29)യാണ് നീലേശ്വരം പോലീസ് പിടികൂടിയത്. കോഴിക്കോട് വെച്ചാണ് വെള്ളിയാഴ്ച്ച പുലർച്ചെ പോലീസ് പ്രതിയെപിടികൂടിയത്.
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി. രവീന്ദ്രന്റെ ചിറപ്പുറത്തെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച്ചവൈകുന്നേരംമൂന്നരക്കും നാലരക്കുമിടയിലാണ് ചിറപ്പുറം ആലിൻകീഴിൽ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകൾ രമ്യയുടെയും വീട്ടുകാരുടെയും അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. മോഷ്ടാവിന്റെ ദൃശ്യം വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ എളുപ്പത്തിൽ പിടികൂടാൻ സഹായകമായത്.
രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ മക്കളുമാണ്വീട്ടിൽ താമസം. മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാൽ ഭാര്യനളിനി ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയനീലേശ്വരം പോലീസ് കേസെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.