ഓർമ്മകൾക്ക് ലാൽ സലാം; കൂത്തുപറമ്പ് വെടിവയ്പ്പിൻ്റെ പ്രഭവ കേന്ദ്രമായ പഴയ മുൻസിപ്പൽ ടൗൺ ഹാളിന് പകരം പുതിയത് ഉയരുന്നു

Koothuparamba old municipal town hall  rebuilding
Koothuparamba old municipal town hall  rebuilding

കണ്ണൂർ: 1994 നവംബർ 25ന്‌ യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെയെന്ന മുദ്രാവാക്യമുയർത്തി കൂത്തുപറമ്പിൽ ഡി.വൈ.എഫ്.ഐ നടത്തിയ സമര പ്രഭവകേന്ദ്രങ്ങളിലൊന്നായ കൂത്തുപറമ്പ് മുൻസിപ്പൽ ടൗൺ ഹാളും ചരിത്രമായി മാറി. മുപ്പതു വർഷം മുൻപ് അന്നത്തെ സഹകരണ മന്ത്രി എം.വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനായി ഡി.വൈഎഫ്ഐ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത കരിങ്കൊടി കാണിക്കൽ സമരത്തിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരും നേതാക്കളും ഇവിടെയാണ് ക്യാംപ് ചെയ്തത്. 

കൂത്തുപറമ്പ് സമരത്തിൻ്റെ പ്രഭവ കേന്ദ്രമായിരുന്ന ഈ മുൻസിപ്പൽ ടൗൺ ഹാൾ പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ജീർണ്ണിച്ചതോടെ സി.പി.എം ഭരിക്കുന്ന നഗരസഭ കെട്ടിടം പൊളിച്ചു മാറ്റി ഇതേ സ്ഥലത്ത് തന്നെ  വീണ്ടും പണിയാൻ തുടങ്ങുകയായിരുന്നു. നിലവിൽ പുതിയ മുൻസിപ്പൽ കെട്ടിടം പണി പുരോഗമിച്ചു വരികയാണ്. പില്ലറുകളും സ്ട്രെച്ചറും പൂർത്തിയായിട്ടുണ്ട്.

അക്കാലത്തെ പത്രങ്ങളിൽ കൂത്തുപറമ്പ് വെടിവയപ്പുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോൾ മുൻസിപ്പൽ ടൗൺ ഹാളിൻ്റെ ചിത്രവും അച്ചടിച്ചും വരാറുണ്ടായിരുന്നു. പൊലിസിൻ്റെ കണ്ണു വെട്ടിച്ച് അന്നേ ദിവസം രാവിലെ തന്നെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള അർബൻ ബാങ്ക് ഉദ്ഘാടനം നടക്കുന്ന ആലക്കണ്ടി കോംപ്ളക്സ് ഹാളിനകത്തു കറുത്ത തുണിയും ബാഡ്ജുമായി അൻപതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥാനം പിടിച്ചിരുന്നു. 

Koothuparamba old municipal town hall  rebuilding

പുറത്ത് അന്നത്തെ ഡി.വൈ.എഫ സംസ്ഥാന ജോയൻ്റ് സെക്രട്ടറി എം വി ജയരാജൻ, എം.സുരേന്ദ്രൻ, വെടിയേറ്റു മരിച്ച ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ കെ.കെ രാജീവൻ, കെ. ധനജ്ഞയൻ, തുടങ്ങിയ നേതാക്കൾ മുൻസിപ്പൽ കോംപ്ളക്സിന് മുൻപിലെ ഗേറ്റിന് സമീപവും അണിനിരന്നു. ഇവരെ പൊലിസ് ബാരിക്കേഡ് വെച്ചു തടയുന്നതിനിടെ തിങ്ങി ഞെരുങ്ങി പൊലിസ് ഒരുക്കി കൊടുത്ത വഴിയിലുടെ അന്നത്തെ സഹകരണ മന്ത്രിയായ എം.വി രാഘവൻ  ഉദ്ഘാടന വേദിയിലെത്തുകയായിരുന്നു. 

ഈ സമയം ആലക്കണ്ടി കോപ്ളക്സിലെ സമ്മേളന ഹാളിലുണ്ടായിരുന്നവർ മന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി വീശുകയും പൊലിസ് വേട്ടപ്പട്ടികളെപ്പോലെ ചാടി വീണ് തല്ലിച്ചതക്കുകയുമായിരുന്നു. ഈ സമയത്ത് മുൻസിപ്പൽ കൗൺസിൽ ഹാളിൻ്റെ ഗേറ്റിന് പുറത്തും ഭീകര ലാത്തി ചാർജ് നടന്നു. ഒരു മുന്നറിയിപ്പുമില്ലാതെ നിരായുധരായ സമരക്കാർക്കെതിരെ വെടിയുതിർക്കുകയും ചെയ്തു. ഈ വെടിവയ്പ്പിലാണ് കെ.കെ രാജീവന് ഇട നെഞ്ചിൽ വെടിയേൽക്കുന്നത്. 

ഇതിനു ശേഷം പൊലിസിൻ്റെ നരനായാട്ടാണ് നടന്നത്. തീവ്രവാദികളെ നേരിടുന്നതുപോലെ ടിയർ ഗ്യാസ് ഷെൽ തുരുതുരെ സമരക്കാർക്ക് നേരെ എറിഞ്ഞു..തൊക്കിലങ്ങാടി  റോഡിൽ നിന്നും പ്രതിഷേധ പ്രകടനമായി വരുമ്പോൾ റോഷനും തലശേരി റോഡിലെ ആലക്കണ്ടി കോംപ്ളക്സിൻ്റെ മുൻപിൻനിന്നും പുഷ്പൻമധു, ഷിബുലാൽ, ബാബു എന്നിവർക്കും വെടിയേറ്റു. മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ ഐതിഹാസിക പോരാട്ടത്തിനുനേരെയുണ്ടായ പൊലീസ്‌ വെടിവയ്‌പ്പിൽ കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവരാണ്  രക്തസാക്ഷികളായത്.

Koothuparamba old municipal town hall  rebuilding

വെടിയേറ്റ്‌ ഇരുപത്തിനാലുകാരനായ പുഷ്‌പന്റെ സുഷുമ്നാനാഡി തകർന്നിരുന്നു. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള യാത്രയ്‌ക്കിടയിലും സമകാലിക രാഷ്‌ട്രീയ- സാമൂഹ്യസംഭവ വികാസങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചിരുന്നു. കൂത്തുപറമ്പ്‌ സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങൾ അധിക്ഷേപിച്ച സന്ദർഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി പുഷ്‌പൻ. കമ്യൂണിസ്‌റ്റുകാരന്റെ ഇച്ഛാശക്തിയോടെ അന്ത്യംവരെ പൊരുതുകയായിരുന്നു 56 വയസു വരെ. 

ജീവിക്കുന്ന രക്തസാക്ഷിയായി വിശേഷിപ്പിക്കപ്പെടുന്ന മേനപ്രം പുഷ്പൻ മരണസമയത്തും സിപി എം നോർത്ത്‌ മേനപ്രം ബ്രാഞ്ചംഗമായിരുന്നു. 
പുഷ്പൻ അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന്‌ കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. ഒടുവിൽ ആഗസ്‌ത്‌ രണ്ടിനാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ബാലസംഘത്തിലും എസ്‌എഫ്‌ഐയിലും പ്രവർത്തിച്ചിട്ടുണ്ട്‌. വീട്ടിലെ പ്രയാസം കാരണം പഠനംനിർത്തി ആണ്ടിപ്പീടികയിലെ പലചരക്ക്‌ കടയിൽ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്‌തു. ബംഗളൂരുവിൽനിന്ന്‌ അവധിക്ക്‌ നാട്ടിലെത്തിയപ്പോഴാണ്‌ കൂത്തുപറമ്പ്‌ സമരത്തിൽ പങ്കെടുത്തത്‌. മേനപ്രത്ത് 
ഡിവൈഎഫ്‌ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു പുഷ്പൻ്റെ താമസം.

Tags