കൂത്തുപറമ്പ്, തലശേരി മേഖലയിൽ നടത്തിയ ഹർത്താൽ ജനദ്രോഹം ; സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എൻ. ഹരിദാസ്
കണ്ണൂർ : ചൊക്ലിയിലെ പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ്, തലശ്ശേരി മേഖലകളിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ജനദ്രോഹമാണെന്നും നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ബിജെപി ജില്ലാ പ്രസിഡൻറ് എൻ. ഹരിദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള ഒരു ജനദ്രോഹ ഹർത്താലിന്റെ ആവശ്യം എന്തെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി മരണപ്പെട്ടപ്പോഴും സിപിഎമ്മിന്റെ സമുന്നതനായ നേതാവ് എം എം ലോറൻസ് മരണപ്പെട്ടപ്പോഴും ഹർത്താൽ ആചരിക്കാത്ത സിപിഎം നേതൃത്വം ഏത് സാഹചര്യത്തിലാണ് പുഷ്പന്റെമരണത്തിൽ ഹർത്താൽ ആചരിച്ചത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സിപിഎം നേതൃത്വത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണ് ഇന്നലെ ആഹ്വാനം ചെയ്ത ഹർത്താൽ 30 വർഷം മുൻപാണ് പുഷ്പന് വെടിയേറ്റത്. അന്ന് സിപിഎം ഉയർത്തിയ മുദ്രാവാക്യത്തിൽ നിന്ന് നേതൃത്വം പാടെ വ്യതിചലിച്ചു കഴിഞ്ഞു. അന്ന് നേതൃത്വം കൊലയാളി എന്ന് വിളിച്ച് അധിക്ഷേപിച്ച എം വി ആർ ഇന്ന് സിപിഎമ്മിന് വേണ്ടപ്പെട്ട നേതാവായി മാറി.
ഒരേസമയം എം.വി. രാഘവന്റെ ചരമവാർഷികം സംഘടിപ്പിക്കുകയും അതോടൊപ്പം കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. ഒരുകാലത്ത് സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്കെതിരെ സമരം ചെയ്ത സിപിഎം ഇന്ന് അതേ സംവിധാനത്തിന്റെ അപ്പോസ്തലന്മാരായി മാറിയിരിക്കുകയാണ്. സിപിഎം ഭരണത്തിൽ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടക്കുന്ന സമയത്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന എം വി ജയരാജനാണ് ഇന്ന് സിപിഎം ജില്ലാ സെക്രട്ടറി .
സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്കെതിരായ സമരത്തിന് നേതൃത്വം നൽകിയ അതേ ജയരാജൻ തന്നെ പരിയാരം മെഡിക്കൽ കോളേജിന്റെ ചെയർമാനായത് കേരള സമൂഹം നേരിട്ട് കണ്ടതാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ഒരുകാലത്ത് സിപിഎം നേതൃത്വം സ്വീകരിച്ച നിലപാട് പാടെ അപ്രസക്തമായിരിക്കുന്നു. അതുകൊണ്ടുതന്നെ കൂത്തുപറമ്പിൽ നടന്ന പ്രതിഷേധവും തുടർന്നുണ്ടായ അക്രമവും വെടിവെപ്പും വർത്തമാനകാല കേരളത്തിൽ തീർത്തും അപ്രസക്തമാണ്. ഈ സാഹചര്യം അറിഞ്ഞുകൊണ്ട് തന്നെ പാർട്ടി നേതൃത്വം ഇത്തരത്തിലുള്ള ജനദ്രോഹ ഹർത്താലിന് ആഹ്വാനം ചെയ്തത് തീർത്തും അപരിഷ്കൃതമാണ്.
നിലവിൽ പി.വി അൻവർ ഉൾപ്പെടെ ഉള്ള സിപിഎം അനുകൂല എംഎൽഎ തന്നെ ഉയർത്തിയ നിരവധി ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള കേവലം തന്ത്രത്തിന്റെ ഭാഗമായി മാത്രമേ ഈ ജനദ്രോഹ ഹർത്താലിനെ കാണാൻ സാധിക്കുകയുള്ളൂ. ആശയ ദാരിദ്ര്യം അനുഭവിക്കുന്ന സിപിഎം അക്രമത്തിൽ കൂടിയും അപ്രസക്തമായ മുദ്രാവാക്യങ്ങളിൽ കൂടിയും അണികളെ ഇളക്കി വിട്ട് സമൂഹത്തിൽ അരാജകത്വം ഉണ്ടാകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
കേവലം ന്യൂനപക്ഷ വോട്ടുകൾക്കു വേണ്ടി ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്ര മുസ്ലിം സംഘടനകളുടെ കാൽകീഴിൽപാർട്ടിയെ അടിയറ വെക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചു വരുന്നത്. നിലപാടുകൾ നഷ്ടമായ സിപിഎം നിലനിൽപ്പിനു വേണ്ടി എന്ത് ഹീനമായ മാർഗവും സ്വീകരിക്കുമെന്ന് ഉത്തമ ഉദാഹരണമാണ് ജനദ്രോഹ ഹർത്താലെന്നുംഅദ്ദേഹം ആരോപിച്ചു.