നിക്ഷേപ തുക തിരിച്ചു നൽകിയില്ല ; കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ നാളെ ജനകീയ ധര്‍ണ്ണ
ഇരിട്ടി: ലക്ഷങ്ങള്‍ നിക്ഷേപിച്ച നിക്ഷേപകരുടെ തുക നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സെപ്തംബര്‍ 23-ന്് ജനകീയ ധര്‍ണ്ണ നടത്തും.
നിക്ഷേപകരുടെ നിക്ഷേപം എത്രയും പെട്ടെന്ന് തിരികേ നല്‍കുക, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ തിരിമറി നടത്തിയത് അന്വേഷിക്കുക, കുടുംബശ്രീ നിക്ഷേപങ്ങള്‍ അടിയന്തിരമായി തിരികേ നല്‍കുക, മരണപ്പെട്ടവരുടെ പേരില്‍ പോലും എടുത്ത ബിനാമി ലോണുകളെക്കുറിച്ച് സത്വരമായ അന്വേഷണം നടത്തുക, കുറ്റക്കാരായ ജീവനക്കര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിക്ഷേപകര്‍ ജനകീയ ധര്‍ണ്ണ നടത്തുക. ധര്‍ണ്ണ ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.