കെ എസ് ഇ ബി ജീവനക്കാർക്ക് സ്നേഹ വിരുന്നൂട്ടി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്

kolachery league
kolachery league

കൊളച്ചേരി : വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പുഴുക്കുത്തുകൾ കാരണം മനുഷ്യമനസ്സുകൾക്കിടയിലെ അകലം വർദ്ധിക്കുന്തോറും ആ വിടവ് നികത്താനെന്നോണമാണോ ദൈവം ഇടയ്ക്കിടെ പ്രകൃതിക്ഷോഭങ്ങൾ നൽകിക്കൊണ്ട് നമ്മളെ പരീക്ഷിക്കുന്നതെന്ന് സംശയം ഊട്ടിയുറപ്പിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഒരു ദുരന്തം വന്നാൽ ജാതിമത വ്യത്യാസമില്ലാതെ, ഉദ്യോഗസ്ഥൻ എന്നോ സാധാരണക്കാരനെന്നോ വേർതിരിവില്ലാതെ അതിനെ ഒന്നിച്ച് നേരിടാനുള്ള മലയാളിയുടെ ഇച്ഛാശക്തി അപാരമാണ്. അതിനെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് കൊളച്ചേരിയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും അനുഭവിച്ച ദുരിതങ്ങളും അതിനെ അതിജീവിച്ചതും. 

ഇതേത്തുടർന്ന് പരിസര പ്രദേശങ്ങളിൽ ധാരാളം മരങ്ങൾ കടപുഴകിയും , മരച്ചില്ലകൾ പൊട്ടിവീണും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കാര്യമായ നഷ്ടം തന്നെ സംഭവിച്ചിട്ടുണ്ടായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ യുവജന പ്രസ്ഥാനം എന്ന നിലയിൽ മുസ്‌ലിം യൂത്ത് ലീഗും അതിൻ്റെ കീഴിലുള്ള സന്നദ്ധ സേവക വിഭാഗമായ വൈറ്റ് ഗാർഡും ശ്ലാഘനീയമായ പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുണ്ടായിരുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരും വൈദ്യുതി പുനഃസ്ഥാപിക്കാനടക്കം അഹോരാത്രം കഷ്ടപ്പെട്ടു. 

kolachery kseb

ശക്തമായ കാറ്റിലും മഴയിലും ധാരാളം വൈദ്യുതി തൂണുകളും, എച്ച്.ടി, എൽ.ടി ലൈനുകളും തകർന്നുവീണ് ദിവസങ്ങളോളം കൊളച്ചേരിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി വിതരണം താറുമാറാകും എന്നൊരു ആശങ്കയിലായിരുന്നു എല്ലാവരും. എന്നാൽ കെ.എസ്.ഇ.ബിയുടെ അവസരോചിതമായ ഇടപെടലും പ്രവർത്തനവും കാരണം വൈകാതെ തന്നെ കൊളച്ചേരി സെക്ഷനിലെ മുഴുവൻ മേഖലകളിലും വൈദ്യുതിയെത്തിക്കാൻ അവർക്ക് സാധിച്ചു . 

മറ്റ് സെക്ഷനുകളിലെ ജീവനക്കാരെയും കോൺട്രാക്ടർമാരെയും സന്നദ്ധ സേവകരുടെ സേവനവും ഉപയോഗപ്പെടുത്തി കെ എസ് ഇ ബിയുടെ ഈ യുദ്ധ കാലാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ശക്തമായ മഴയിലും വൈദ്യുതി പൂർവ്വസ്ഥിതിയിലാക്കാൻ പ്രയത്നിച്ച കെ.എസ്. ഇ.ബി കൊളച്ചേരി സെക്ഷൻ അധികാരികളെയും നൂറോളം വരുന്ന ജീവനക്കാരെയും താൽക്കാലിക ജീവനക്കാരെയും മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി വക സ്നേഹ വിരുന്നൊരുക്കിയും സ്നേഹോപഹാരം കൈമാറിയും അനുമോദിച്ചു. 

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയിൽ നിന്നും കൊളച്ചേരി സെക്ഷൻ അസി. എഞ്ചിനീയർ ജിജിൽ.പി.പി സ്നേഹോപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.സുഭാഷ് സ്വാഗതം പറഞ്ഞു. 

സബ് എൻജിനീയർ രശ്മി. പി.പി, ഇലെക്ട്രിക്കൽ വർക്കർ ആർ.വി. സുരേഷ് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ഭാരവാഹികളായ ടി.പി നിയാസ് കമ്പിൽ, പി അബ്ദു പന്ന്യങ്കണ്ടി, പി. ഇസ്മായിൽ കായച്ചിറ, കെ.സി മുഹമ്മദ് കുഞ്ഞി, നൗഫൽ പന്ന്യങ്കണ്ടി, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി.ടി ആരിഫ്, ജനറൽ സെക്രട്ടറി പി റാസിം തുടങ്ങിയവർ സംബന്ധിച്ചു

Tags