പശുക്കടത്ത് ആരോപിച്ച് മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ സംഭവം: കിസാൻ സഭ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ ധർണ നടത്തും
കണ്ണൂർ: പശുക്കടത്ത് ആരോപിച്ചു മൂന്ന് ചെറുപ്പക്കാരെ ഗോ രക്ഷകരെന്ന പേരിൽ ആർ. എസ്. എസ് കൊലപ്പെടുത്തിയതിനെതിരെ രാജ്യ വ്യാപകമായി കിസാൻ സഭ പ്രക്ഷോഭമാരംഭിക്കുമെന്ന് കേരള കർഷക സംഘം സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂലായ് 24ന് രാവിലെ 9.30 ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ നടക്കുന്ന പ്രതിഷേധ മാർച്ചും ധർണയും കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.രാവിലെ ഒൻപതിന് കാൽടെക്സ് പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും.
ജൂലായ് ഏഴാം തീയ്യതിയാണ് സദ്ദാം ഖുറൈശി, ചാന്ദ്മിയാ ഖാൻ, ഗുഡു ഖാൻ എന്നീ മൂന്ന് യുവാക്കളെ പോത്തുകളെ കൊണ്ടു പോകും വഴി ഛത്തീസ്ഗഡിൽ നിന്നും അതി ക്രുരമായി അക്രമിച്ചത്. ഛത്തീസ് ഗഡ് പൊലിസ് നരഹത്യ, കൊലപാതകശ്രമം എന്നീ വകുപ്പുകൾ ചേർത്ത് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ചാന്ദ് മിയാ ഖാൻ സംഭവ സ്ഥലത്തുവെച്ചും ഗുഡുഖാൻ ആശുപത്രിയിൽ കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പതിനൊന്ന് ദിവസം കഴിഞ്ഞാണ് സദ്ദാം ഖുറൈശി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണ മടയുന്നത്.
ഈ കേസ് ആത്മഹത്യയായി ചിത്രീകരിച്ചു കൊണ്ടു ഛത്തീസ്ഗഡ് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. മൂന്ന് കന്നുകാലി കൃഷിക്കാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. ഈ കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും വർധിച്ചു വരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാരും പാർലമെൻ്റും കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനുമാണ് കിസാൻ സഭ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതന്ന് കിസാൻസഭ കണ്ണൂർ ജില്ലാ സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് പി. ഗോവിന്ദൻ, ട്രഷറർ എം.സി പവിത്രൻ എന്നിവരും പങ്കെടുത്തു.